സിഡിസി കെട്ടിട നിർമാണം: ചായപ്പയറ്റുമായി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി
1546826
Wednesday, April 30, 2025 6:13 AM IST
കൽപ്പറ്റ: ചൈൽഡ് ഡവലപ്മെന്റ് സെന്റർ(സിഡിസി)കെട്ടിട നിർമാണത്തിനു പണം കണ്ടെത്താൻ മേപ്പാടി ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചായപ്പയറ്റ് നടത്തുന്നു. ദീപ്തം-2025 എന്ന പേരിൽ സൊസൈറ്റി 22-ാം വാർഷികം ആഘോഷിക്കുന്ന നാളെ രാവിലെ ഒന്പത് മുതൽ രാത്രി എട്ടുവരെ മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിലാണ് ചായപ്പയറ്റ്.
ഇതിൽ പങ്കെടുക്കുന്നതിന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 5,000 പേർക്ക് കത്ത് നൽകിയതായി സൊസൈറ്റി ഭാരവാഹികളായ സി.എച്ച്. സുബൈർ, ഒ.എം. സാമുവൽ, എൻ.കെ. വർക്കി, ഒ.കെ. മുഹമ്മദലി, ഹൈദ്രു കാവുന്പാടൻ, ബിജി ബേബി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സൊസൈറ്റിക്കു കീഴിലുള്ള ഡയാലിസിസ് കേന്ദ്രത്തിനു സമീപം വിലയ്ക്കുവാങ്ങിയ 40 സെന്റ് ഭൂമിയിലാണ് ഭിന്നശേഷി കുട്ടികൾക്കുള്ള സെന്ററിന് കെട്ടിം പണിയുന്നത്. രണ്ട് നിലകളിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ളതാകും കെട്ടിടം. 70 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആറ് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും.
ദീപ്തം-2025ന്റെ ഭാഗമായി വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിനുശേഷം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് മാനേജിംഗ് ട്രസ്റ്റി യു. ബഷീർ നിർവഹിക്കും.
രോഗി-ബന്ധു സംഗമം, മത നേതൃ സൗഹൃദ സംഗമം, കുട്ടികളുടെ കലാപരിപാടികൾ, വൃക്കരോഗ നിർണയ ക്യാന്പ്, ഡയാലിസിസ് സെന്റർ സന്ദർശനം, യുവജ്യോതി സംഗമം, മാതൃജ്യോതി സംഗമം തുടങ്ങിയവയും ദീപ്തം-2025ന്റെ ഭാഗമാണ്. രോഗി-ബന്ധു സംഗമത്തിൽ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ അബ്ദുൾസലാം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ, മേപ്പാടി മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി അഡ്വ.ബബിത തുടങ്ങിയവർ പങ്കെടുക്കും.
മത നേതൃ സൗഹൃദസംഗമത്തിൽ മേപ്പാടി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.സണ്ണി പടിഞ്ഞാറേടത്ത്, മുട്ടിൽ ഡബ്ല്യുഎംഒ കോളജ് അസി.പ്രഫ.ഡോ.യൂസഫ് മുഹമ്മദ് നദ്വി, സിസ്റ്റർ ഷീല ബഹൻജി(ബ്രഹ്മകുമാരീസ്) എന്നിവർ പ്രസംഗിക്കും.
സാംസ്കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, തണൽ ചെയർമാൻ ഡോ.വി. ഇദ്രിസ്, വിദ്യാഭ്യാസ പ്രവർത്തകൻ പി.എം.എ. ഗഫൂർ, യു. ബഷീർ എന്നിവർ പ്രസംഗിക്കും.
കഴിഞ്ഞ 22 വർഷത്തിനിടെ അനേകം രോഗികൾക്ക് സാന്ത്വനം പകരാൻ സൊസൈറ്റിക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. കാൻസർ ബാധിതർ, കിഡ്നി രോഗികൾ, നട്ടെല്ല് തകർന്ന് കിടപ്പിലായവർ, ശരീരം തളർന്നവർ, മാനസിക രോഗികൾ, ഭിന്നശേഷി കുട്ടികൾ എന്നീ വിഭാഗങ്ങളിൽ 400 ഓളം പേർ നിലവിൽ ജ്യോതിയുടെ പരിചരണത്തിലുണ്ട്. 2019ൽ ആരംഭിച്ച ജ്യോതി-തണൽ ഡയാലിസ് സെന്ററിൽ ഒന്പത് മെഷീനുണ്ട്.
36 പേർക്കാണ് സൗജന്യ ഡയാലിസിസ് നൽകുന്നത്. സൈക്യാട്രിക് ആൻഡ് ഡി അഡിക്ഷൻ ക്ലിനിക് 2020 ഒക്ടോബർ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഫാർമസി, ആംബുലൻസ് സർവീസ് എന്നിവയും സൊസൈറ്റിക്കു കീഴിലുണ്ട്. 2023ൽ ആരംഭിച്ച ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ 75ൽ അധികം കുട്ടികൾക്ക് വിവിധ തെറാപ്പികൾ നൽകുന്നുണ്ട്.