എൻഎഫ്എസ്എ തൊഴിലാളികളുടെ കൂലി: സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു
1547242
Thursday, May 1, 2025 6:18 AM IST
കൽപ്പറ്റ: സിവിൽ സപ്ലൈസ്, എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർധിപ്പിക്കേണ്ടെന്ന സർക്കാർ നിലപാടിൽ ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ(ഐഎൻടിയുസി) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ നിലപാടിനെതിരേ ജില്ലയിലും സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
റേഷൻകടകളിലും ഗോഡൗണുകളിലും കയറ്റിറക്കു നടത്തുന്നതിനുള്ള കരാർ 2023 ഫെബ്രുവരി ആറിന് അവസാനിച്ചതാണ്. തുടർന്നു നടന്ന ചർച്ചകളുടെയും മറ്റും അടിസ്ഥാനത്തിൽ 15 ശതമാനം കൂലി വർധന ധാരണയായി.
എന്നാൽ കൂലി വർധിപ്പിക്കില്ലെന്ന നിലപാടാണ് കഴിഞ്ഞദിവസം സർക്കാരെടുത്തത്. ഒരുവശത്ത് ചർച്ചകൾ നടത്തുകയും മറുവശത്ത് കരാറുകാരെ സഹായിക്കാൻ കുറുക്കുവഴികൾ തേടുകയും ചെയ്ത സർക്കാർ തൊഴിലാളികളെ വഞ്ചിച്ചുവെന്ന് യോഗം കുറ്റപ്പെടുത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ഉമ്മർ കുണ്ടാട്ടിൽ, മണി പന്പനാൽ, നിസാം പനമരം, മാടായി ലത്തീഫ്, കെ. മഹേഷ്, വി.പി. മൊയ്തീൻ, ഉമ്മർ മീനങ്ങാടി എന്നിവർ പ്രസംഗിച്ചു.