യുഡിഎഫ് ജനകീയ സമരം സംഘടിപ്പിച്ചു
1546604
Tuesday, April 29, 2025 7:34 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാനത്തെയും ബത്തേരി നഗരസഭയിലെയും എൽഡിഎഫ് ഭരണം ജനവിരുദ്ധമാണെന്നാരോപിച്ചും നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടും നഗരസഭ ഓഫീസിന് മുന്നിൽ യുഡിഎഫ് ഏകദിന ജനകീയസമരം നടത്തി.
പ്രതിഷേധ പരിപാടി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ ഷബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി. മുഹമ്മദ്, ഡി.പി. രാജശേഖരൻ, അബ്ദുള്ള മാടക്കര, എം.എ. അസൈനാർ, എൻ.സി. കൃഷ്ണൻ, പി.പി. അയൂബ്, ഉമ്മർകുണ്ടാട്ടിൽ, സി.കെ. ഹാരിഫ്, ലയണൽ മാത്യു, ഷറീന അബ്ദുള്ള, ബിന്ദു സുധീർ ബാബു, അഡ്വ. സതീഷ് പൂതിക്കാട്, ഇബ്രാഹിം തൈതൊടി, ബാബു പഴുപ്പത്തൂർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പുറംമോടിയും മനംമയക്കുന്ന മുദ്രാവാക്യങ്ങളുമായിട്ടാണ് നഗരസഭ ഭരണം മുന്നോട്ടുപോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഗ്രാമങ്ങളിൽ നിലവാരമില്ലാത്ത സ്ട്രീറ്റുലൈറ്റുകൾ സ്ഥാപിച്ചതിനാൽ എല്ലാം പ്രവർത്തരഹിതമായിരിക്കുകയാണ്. ടൗണിൽ പുതുതായി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളിൽ ട്രാഫിക് ജംഗ്ഷൻമുതൽ ചുങ്കം വരെ സ്ഥാപിച്ചവ രണ്ട് മാസമായിട്ടും പ്രവർത്തനസജ്ജമാക്കിയിട്ടില്ലെന്നും നഗരസഭ ഭരണം സ്വജനപക്ഷപാതവും അഴിമതിയുംകൊണ്ട് നിറഞ്ഞതായും യുഡിഎഫ് ആരോപിച്ചു. ഗ്രാമീണ റോഡുകൾ പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. ശുചിത്വ സുന്ദര നഗരമെന്ന് പറയുന്പോഴും ദേശീയ സംസ്ഥാന ശുചിത്വ സൂചികയിൽ സ്റ്റാർ കാറ്റഗറിയിലെത്താൻ ഇതുവരെ നഗരസഭയ്ക്ക് സാധിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു.