സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 4.169 കോടി രൂപ
1224297
Saturday, September 24, 2022 11:34 PM IST
കൊല്ലം: സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി ജില്ലയ്ക്ക് 4.169 കോടി രൂപ. ജില്ലയില്‍ പച്ചക്കറി കൃഷി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതിയുടെ നടത്തിപ്പിന് കൃഷി വകുപ്പിനാണ് ചുമതല. വീട്ടുവളപ്പിലെ പച്ചക്കറി ഉദ്പാദനത്തിന് നാല് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍.
12 ലക്ഷം പച്ചക്കറി തൈകളും അനുവദിച്ചു. സ്കൂളുകള്‍, കോളേജുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് ധനസഹായത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി കര്‍ഷകര്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം സബ്സിഡിയില്‍ പരമാവധി 10,000 രൂപ നിരക്കില്‍ 400ലധികം പമ്പ് സെറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. സസ്യസംരക്ഷണത്തിന് 50 ശതമാനം സബ്സിഡി നിരക്കില്‍ 1500 രൂപ നിരക്കില്‍ 120 സ്പ്രയറുകളും അനുവദിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ പഞ്ചായത്ത്തലത്തില്‍ രൂപീകരിച്ച അഞ്ച് ഹെക്ടര്‍ വീതമുള്ള ക്ലസ്റ്ററുകള്‍ക്ക് 1.25 ലക്ഷം രൂപ വീതം 73 ക്ലസ്റ്ററുകള്‍ക്കാണ് ഈ വര്‍ഷം ധനസഹായം നല്‍കുക. സ്റ്റാഗേര്‍ഡ് ക്ലസ്റ്റര്‍ ഘടകത്തില്‍ കൃഷി ചെയ്യുന്നതിന് പന്തല്‍ ഇനത്തില്‍ ഒരു ഹെക്ടറിന് 25,000 രൂപയും നോണ്‍-പന്തല്‍ ഇനത്തില്‍ 20,000 രൂപയും ധനസഹായവുമുണ്ട്. പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ഹെക്ടറിന് 10,000 രൂപ സബ്സിഡി അനുവദിക്കും.
പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനായി അഗത്തി, മുരിങ്ങ, കറിവേപ്പില, പപ്പായ തുടങ്ങിയവയുടെ തൈകള്‍ ഒന്നിന് 15 രൂപ സബ്സിഡി നിരക്കില്‍ 50,000 തൈകള്‍ വിതരണം ചെയ്യും.
50 മുതല്‍ 100 സ്ക്വയര്‍മീറ്റര്‍ വരെ വിസ്തൃതിയിലുള്ള മഴമറയ്ക്ക് 75 ശതമാനം സബ്സിഡി നിരക്കില്‍ 50,000 രൂപ വരെ ധനസഹായം നല്‍കും. ഈ വര്‍ഷം 7250 സ്ക്വയര്‍മീറ്റര്‍ മഴമറ യൂണിറ്റുകള്‍ക്കാണ് ധനസഹായമുള്ളത്.
നഗരപ്രദേശങ്ങളില്‍ സ്ഥലസൗകര്യം കുറഞ്ഞ വ്യക്തികള്‍ക്ക് മട്ടുപ്പാവിലും വീട്ടുമുറ്റത്തും ഉദ്യാനസസ്യങ്ങളോടൊപ്പം പച്ചക്കറികള്‍ കൊണ്ടുള്ള പോഷകത്തോട്ടങ്ങള്‍ നിര്‍മിക്കാനും ആകര്‍ഷകമായ പദ്ധതികളുണ്ട്.
മണ്‍ചട്ടി, കോണ്‍ക്രീറ്റ്, പുനരുപയുക്ത പ്ലാസ്റ്റിക് ചട്ടികളില്‍ കൃഷി ചെയ്യുന്ന കണ്ടെയ്നര്‍ കൃഷി പദ്ധതി പ്രകാരം 25 ചെടിച്ചട്ടികളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന ഒരു യൂണിറ്റിന് 25 ശതമാനം സബ്സിഡി നിരക്കില്‍ 2000 രൂപ വരെ സഹായം ലഭിക്കും.
വെര്‍ട്ടിക്കല്‍ ഗാര്ഡന് 2000 രൂപ ധനസഹായമാണ് ലഭിക്കുക. ഹൈഡ്രോപോണിക്സ് പദ്ധതിയില്‍ 25 ശതമാനം നിരക്കില്‍ 2000 രൂപ വരെ ധനസഹായം നല്‍കും. സാങ്കേതിക സഹായം കേരള കാര്‍ഷിക സര്‍വകലാശാലയിലൂടെയാണ് ലഭ്യമാക്കുന്നത്.
പച്ചക്കറി കൃഷിക്ക് സ്ഥിരം പന്തല്‍ സ്ഥാപിക്കുന്നതിന് ഒരു ഹെക്ടറിന് 25 ശതമാനം സബ്സിഡി നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ഗുണഭോക്താക്കളാകുന്നതിന് അതാത് കൃഷിഭവനുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2795082.