മൺട്രോതുരുത്തിലെ വേലിയേറ്റത്തിൽ കയർ സംഘത്തിൽ വെള്ളം കയറി
1245773
Sunday, December 4, 2022 10:59 PM IST
കുണ്ടറ: മൺട്രോ തുരുത്തിലെ രൂക്ഷമായ വേലിയേറ്റത്തിൽ കയർ സംഘത്തിലെ ചകിരി കെട്ടുകളിൽ വെള്ളം കയറി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കിടപ്രംതെക്ക് പ്രവർത്തിക്കുന്ന കൺട്രാങ്കാണി കയർ സംഘത്തിലാണ് ചകിരി കെട്ടുകളിൽ വെള്ളം കയറിയത്. ഒരാഴ്ചയായി തുടർന്നുവരുന്ന രൂക്ഷമായ വേലിയേറ്റം കാരണം കയർ സംഘത്തിന്റെ പ്രവർത്തനം നിലച്ച നിലയിലാണ്.
ഇതുമൂലം കയർത്തൊഴിലാളികൾ പട്ടിണിയിൽ ആണെന്ന് കൺട്രാങ്കാണി കയർ സംഘം ബോർഡ് അംഗം സരസ്വതി പറഞ്ഞു. രാത്രി ഒന്പത് മുതൽ രാവിലെ 10 വരെ വേലിയേറ്റം രൂക്ഷമായ നിലയിലാണ്. വീടുകൾക്ക് അകത്തും മുറ്റത്തും വെള്ളം കയറുന്നത് കാരണം ജീവിതം ദുസഹമായിട്ടുണ്ട്. മൺട്രോത്തുരുത്തിലെ വേലിയേറ്റ ബാധിതപ്രദേശങ്ങളിൽ തൊഴിൽ മേഖല സ്തംഭനത്തിലാണ്.
തൊഴിൽ മുടങ്ങി ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് കെപിസിസി വിചാർ വിഭാഗ് മൺട്രോത്തുരുത്ത് മണ്ഡലം ചെയർമാൻ കന്നിമേൽ അനിൽകുമാർ ആവശ്യപ്പെട്ടു.