ഗൃഹനാഥന്റെ ആത്മഹത്യ; നാലുപേര് അറസ്റ്റില്
1262215
Wednesday, January 25, 2023 11:24 PM IST
അഞ്ചല് : ആയൂരില് ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നാലുപ്രതികളും പോലീസ് പിടിയിലായി. ആയൂര് അകമന് ലക്ഷംവീട് ഷംല മന്സിലില് ഫൈസല് (45), കോട്ടുക്കല് മഞ്ഞപ്പാറ തെക്കേടത്ത് മേലേതില് വീട്ടില് മോനിഷ് മോഹന് (28), കോട്ടുക്കല് മഞ്ഞപ്പാറ തടത്തില് ചരുവിള പുത്തന് വീട്ടില് നൗഫല് (30), ഇടുക്കി പുഷ്പഗിരി എം.കെ പടിക്കല് വള്ളിക്കാട്ടില് ആന്സന് വി വര്ഗീസ് (28) എന്നിവരേയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനോട് ചേര്ന്ന് ഷെഡില് ആയൂർ പെരുങ്ങള്ളൂര് സ്വദേശി അജയകുമാറിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തുന്നത്.
ഇതിനു തലേ ദിവസം പ്ലസ് വണിനു പഠിക്കുന്ന മകളുമായി വീട്ടിലേക്ക് വരവേ അജയകുമാറിന്റെ വീടിനു സമീപത്തെ നിര്മാണത്തിലിരുന്ന കെട്ടിടത്തില് ഇരുന്നു മദ്യപിക്കുകയയിരുന്ന നാല്വര് സംഘം അജയകുമാറിനോടും മകളോടും മോശമായി പെരുമാറി. മകളെ വീട്ടില് എത്തിച്ച ശേഷം അജയകുമാര് ഇവിടെ എത്തുകയും പ്രതികളോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. ഇതില് പ്രകോപിതരായ പ്രതികള് അജയകുമാറിനെ ക്രൂരമായി മര്ദിക്കുകയായിരുന്നു. മുഖത്തും കണ്ണിനും അടക്കം പരിക്കേറ്റ അജയകുമാര് മര്ദനത്തില് മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടര്ന്ന് ഭാര്യ ദീപ്തിയുടെ പരാതിയില് കേസെടുത്ത ചടയമംഗലം പോലീസ് പ്രതികള്ക്ക് എതിരെ പെണ്കുട്ടികളോട് മോശമായി പെരുമാറുക, ആത്മഹത്യ പ്രേരണ, അസഭ്യം പറയുക, അപമാനിക്കുക തുടങ്ങി വിവിധ വകുപ്പുകള് ചുമത്തി കേസെടുക്കുകയായിരുന്നു.
അജയകുമാറിന്റെ മകളുടെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് കേസെടുത്തതോടെ ഒളിവില് പോയ പ്രതികളില് ഒരാളായ മോനിഷ് ബുധനാഴ്ച ഉച്ചയോടെ പോലീസില് കീഴടങ്ങി. മറ്റുമൂന്നുപ്രതികളെ കൊട്ടാരക്കരക്ക് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മംഗലാപുരത്ത് ഒളിവില് കഴിഞ്ഞ പ്രതികള് മുന്കൂര് ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടക്കാതായതോടെ തിരികെ കൊട്ടാരക്കരയില് എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു