അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലേക്ക്’
1265454
Monday, February 6, 2023 11:07 PM IST
കൊല്ലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകള്‍ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്ണമാക്കിയിരിക്കുകയാണെന്ന് യു ഡബ്ല്യു ഇ സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന് ജി നാഥ് ആരോപിച്ചു.
എഴുപത് ശതമാനം വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു യാതൊരു പുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുമില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന പരിപാടിയാണ് കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയത്. പെട്രോള്‍, ഡീസല്‍, സെസ് ഏര്‍പ്പെടുത്തുക വഴി കേരളത്തില്‍ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കാന്‍ വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആൻഡ് എംപ്ലോയിസ് നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബോബന് ജി നാഥ് പറഞ്ഞു.