വ്യാപാരികളുടെ കുടുംബ സുരക്ഷാ പദ്ധതി വിശദീകരണം നടന്നു
1279721
Tuesday, March 21, 2023 10:55 PM IST
കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസ്പർശം - വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നോടിയായി മേഖലാ കൺവെൻഷൻ കൊട്ടാരക്കരയിൽ നടന്നു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോജോ കെ .എബ്രഹാം പദ്ധതി വിശദീകരണം നടത്തി.
വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയായ സ്നേഹ സ്പർശം ജീവകാരുണ്യ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ പ്രചരണാർഥം വിവിധ പരിപാടികളാണ് യൂണിറ്റ്, മേഖലാ തലങ്ങളിൽ നടന്നു വരുന്നത്.
അഞ്ച് മേഖലകളിൽ നിന്നുള്ള മുഴുവൻ യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് കൊട്ടാരക്കരയിൽ കൺവൻഷൻ നടന്നത്.
അഞ്ചൽ, പുനലൂർ, കൊട്ടാരക്കര, കുണ്ടറ, കണ്ണനല്ലൂർ എന്നി മേഖലയുടെ എക്സിക്യൂട്ടീവ് അംഗങ്ങളാണ് കൺവൻഷനിൽ പങ്കെടുത്തത്. പദ്ധതിയിൽ ചേരുന്ന വ്യാപരി മരണപ്പെട്ടാൽ വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി.
ഭാരവാഹികളായ എം.എം. ഇസ്മയിൽ, എസ്.കബീർ, എ. നൗഷർദീൻ, ബി.വിജയൻ പിള്ള, നവാസ്, ആന്റണി പാസ്റ്റർ, രവി കൃഷണൻ, ശാന്താ മോഹൻ, ഷൈലജാ കുമാരി, അഖിൽ രാധാകൃഷണൻ എന്നിവർ പങ്കെടുത്തു.