കൊട്ടാരക്കര: എംസി റോഡിൽ വാളകം വയക്കലിനു സമീപം മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികയായ സ്ത്രീ മരിച്ചു. അപകടത്തിൽ ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാർ യാത്രികയായിരുന്ന കർണാടക സ്വദേശി അഞ്ജലി (46) ആണ് മരിച്ചത്.
മിനിലോറി ഡ്രൈവർ ആലപ്പുഴ പുന്നപ്ര സ്വദേശി കുഞ്ഞുമോൻ, സഹായി നൗഷാദ് എന്നിവരെയും കാർ യാത്രികരായ കർണാടക സ്വദേശികളായ മറ്റു നാലു പേരെയുമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചൊവാഴ്ച രാത്രി 12 ഓടെയാണ് അപകടമുണ്ടായത്.തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു വന്ന കർണാടക രജിസ്ട്രേഷൻ കാറും കൊട്ടാരക്കരയിൽ നിന്നും ചടയമംഗലത്തേക്ക് പോയ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.