ഓണം മെമ്പർ ടിക്കറ്റ് തിരികെ ചോദിച്ചതിന് സുഹൃത്തിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
1337053
Wednesday, September 20, 2023 11:34 PM IST
ചവറ : വാക്കേറ്റത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. തേവലക്കര അരിനല്ലൂർ കളങ്ങരകിഴക്കത്തിൽ നാണുവിന്റെ മകൻ ദേവദാസ് (38 ) ആണ് മരിച്ചത്.
സമീപവാസിയും സുഹൃത്തുമായ അരിനല്ലൂർ കളങ്ങര വീട്ടിൽ അജിത്ത് ( 40) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഓണം ബംബർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.
ദേവദാസ് ഓണം ബംബർ ടിക്കറ്റ് എടുത്ത് സൂക്ഷിക്കാനായി അജിത്തിനെ ഏൽപ്പിച്ചിരുന്നു. ടിക്കറ്റ് തിരികെ ചോദിച്ചപ്പോളുണ്ടായ വാക്കേറ്റം വഷളാവുകയും തുടർന്ന് സംഭവസ്ഥലത്തിനു സമീപമുള്ള വീട്ടിൽ പോയി വെട്ടുകത്തി കൊണ്ടുവന്ന് അജിത്ത് ദേവദാസിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1. 45 ഓടെയായിരുന്നു സംഭവം. കളങ്ങര കശുവണ്ടി ഫാക്ടറിക്ക് സമീപമുള്ള അടച്ചിട്ടിരിക്കുന്ന കടയുടെ തിണ്ണയിലാണ് ദേവദാസിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞു മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും അജിത്ത് നാട്ടുകാരെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്നും പറയപ്പെടുന്നു.
പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി ദേവദാസിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവദാസിന്റെ ജീവൻ ര ക്ഷിക്കാനായില്ല. ദേവദാസിന്റെ വലുത് കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്നാണ് ദേവദാസ് മരണപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.