അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ നീരാട്ടുതടത്തില് പന്നി ഫാമിന്റെയും, ഇറച്ചി മാലിന്യത്തില്‍ നിന്നും മൃഗകൊഴുപ്പ് വേര്‍തിരിക്കുന്ന സ്ഥാപനത്തിന്റെയും മറവില്‍ ടണ്‍ കണക്കിന് ഇറച്ചി മാലിന്യങ്ങള്‍ ശേഖരിച്ച് ഇതിനിന്നുള്ള അഴുകിയ മാലിന്യങ്ങള്‍ ഉള്‍പ്പടെ തോട്ടിലേക്ക് ഒഴുക്കിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എംഎല്‍എ പി.എസ് സുപാലിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. എംഎല്‍എ, പുനലൂര്‍ ആര്‍ഡിഒ, തഹസീല്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍, ആരോഗ്യവകുപ്പ്, ഓയില്‍പാം അധികാരികള്‍, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ചു.
സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ ഇറച്ചി മാലിന്യകൂമ്പാരം കണ്ടു അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മാസ്ക് ഇല്ലാതെ ഒരു മിനിറ്റ് പോലും ഇവിടെ നില്ക്കാന് കഴിയില്ലെന്ന അവസ്ഥയിലായിരുന്നു. കൂടാതെ പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാഹചര്യവും. ആദ്യം സംഘം എത്തിയത് പന്നി ഫാമിന്റെ മറവില്‍ ഇറച്ചി മാലിന്യം ശേഖരിച്ച സ്ഥലത്തായിരുന്നു. ഇവിടെ നിന്നും അല്‍പ്പം മാത്രം അകലെ പുതുതായി ചിക്കന്‍ റെന്‍ഡര്‍ ഫാക്ടറി എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനത്തില്‍ എത്തി. ഇവിടെയും കാര്യങ്ങളുടെ അവസ്ഥ ഒട്ടും നല്ലതായിരുന്നില്ല. പിന്നീട് ഇവിടെ നിന്നും മൃഗകൊഴുപ്പ് വേര്‍തിരിക്കുന്ന സ്ഥലത്ത് എത്തി.
മൂന്നിടവും സന്ദര്‍ശിച്ച ശേഷമാണ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അനധികൃത കെട്ടിടങ്ങള്‍ അടക്കം പൊളിച്ചു നീക്കും. ഒപ്പം ദുരന്ത നിവാരണ നിയമം ചുമത്തി കര്‍ശന നടപടി കൈക്കൊള്ളാന്‍ എംഎല്‍എ ആര്‍ഡിഒ അടക്കമുള്ള റവന്യു അധികൃതര്‍ നിര്‍ദേശം നല്കി. കുന്നുകൂടിയ മാലിന്യം കുഴിച്ചിടുക പ്രായോഗികമല്ലെന്നു വിലയിരുത്തി. അതിനാല്‍ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ട നടപടികള്‍ രണ്ടു ദിവസത്തിനകം നിര്‍ദേശിക്കാന്‍ സ്ഥലത്ത് എത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരോട് നിര്‍ദേശിച്ചു.
മാലിന്യത്തിന് തീയിട്ടത് ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ നടപടികള്‍ എല്ലാം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുനലൂര്‍ കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഓയില്‍പാം വഴി മാലിന്യങ്ങളോ ഇതുമായി ബന്ധപ്പെട്ട സാധനങ്ങളോ കൊണ്ടുപോകുന്നത് കര്‍ശനമായും നിരോധിക്കും. മാലിന്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തിങ്കളാഴ്ച തന്നെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. അടുത്ത ദിവസം തന്നെ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം എന്ന നിര്‍ദേശവും എംഎല്‍എ നല്‍കിയിട്ടുണ്ട്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷമയതിനാല് തന്നെ വിട്ടുവീഴ്ച്ച ഇല്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കൂട്ടായ് പ്രതിരോധിക്കണം എന്നും പി.എസ് സുപാല്‍ എംഎല്‍എ പറഞ്ഞു. വര്‍ഷങ്ങളായി അനധികൃതമായി ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതിന് പിന്നില്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്നതടക്കം പരിശോധിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ആര്‍ഡിഒ ബി ശശികുമാര്‍, ലാൻഡ് റവന്യു താഹസിൽദാർ റഹിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, വൈസ് പ്രസിഡന്റ് വി. രാജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഓയില്‍പാം മാനേജര്‍, ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം പൊതു പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.