നികുതി വെട്ടിപ്പ്: ജില്ലയിൽ പത്തിടത്ത് റെയ്ഡ് നടത്തി
1425066
Sunday, May 26, 2024 7:16 AM IST
കൊല്ലം: നികുതിവെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടി ഇന്റലിജൻസ് നടത്തുന്ന സംസ്ഥാനവ്യാപക റെയ്ഡിൽ ജില്ലയിൽ കേന്ദ്രീകരിച്ചത് പത്ത് സ്ഥാപനങ്ങളിൽ. സംസ്ഥാനതലത്തിൽ 209 കോടി രൂപയുടെ വെട്ടിപ്പാണ്് കണ്ടെത്തിയത്.
ഇതിൽ 10 ശതമാനത്തിലധികം തുകയുടെ ഇടപാടുകൾ ജില്ലയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നതായാണ്് പ്രാഥമിക വിവരത്തിൽ ലഭ്യമായിട്ടുള്ളത്. വ്യാജ രജിസ്ടേഷനും വ്യാജബില്ലും ഉപയോഗിച്ചാണ് വെട്ടിപ്പ്.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച റെയ്ഡിന്റെ തുടർനടപടികൾ ഇപ്പോഴും നടക്കുന്നു. ശക്തികുളങ്ങര, കരുനാഗപ്പള്ളി, ആലപ്പാട്, എഴുകോൺ, ശാസ്താംകോട്ട, ഭരണിക്കാവ്, ശൂരനാട് നോർത്ത്, മുഖത്തല എന്നിവിടങ്ങളിലെ പത്ത് സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിലാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. ആക്രിക്കച്ചവടത്തിന്റെ മറവിലാണ് എല്ലായിടത്തും വെട്ടിപ്പ് നടന്നിട്ടുള്ളത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ഈ സ്ഥാപനങ്ങൾ. ജിഎസ്ടി രജിസ്ട്രേഷനുവേണ്ടി മാത്രം വാടകയ്ക്കെടുത്ത വീടുകളും കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യാജ ഇൻവോയ്സ് നിർമിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴിയാണ് വൻ തുക തട്ടിയെടുത്തത്. വിതരണക്കാരൻ നിർമാതാവിൽനിന്ന് ഉൽപ്പന്നമോ സേവനമോ വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതി പിന്നീട് അവ ഉപയോക്താവിന് വിറ്റഴിച്ചശേഷം തിരികെ നേടുന്നതാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്.
ഇത്തരത്തിൽ ജിഎസ്ടി രജിസ്റ്റർ ചെയ്ത് നികുതി അടയ്ക്കുന്നവർക്ക് അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിനുള്ള തുക ഇൻപുട്ട് ക്രെഡിറ്റ് ടാക്സായി മടക്കി നൽകാനുള്ള ജിഎസ്ടി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യുകയായിരുന്നു തട്ടിപ്പുകാർ. ജില്ലയിൽ വെട്ടിപ്പ് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കൾ ഏറെയും പാലക്കാടുള്ളവരാണ്. എല്ലാ ജില്ലകളിലും ഇവരുടെ ശൃംഖലയുണ്ട്.
വാടകകരാർ എഴുതുമ്പോൾ ഉടമയിൽനിന്ന് വാങ്ങുന്ന ആധാർ നമ്പർ അടക്കമുള്ള രേഖകൾ രജിസ്ട്രേഷന് ഉപയോഗിച്ചിട്ടുണ്ട്. വീട്ടുടമയുടെ ഫോണിലേക്കെത്തിയ ഒടിപി നമ്പർ ഉപയോഗിച്ച് മേൽവിലാസക്കാരൻ അറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ സംഘടിപ്പിച്ചതും ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളിൽനിന്നുള്ള ടീമാണ് റെയ്ഡിൽ പങ്കെടുത്തത്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പത്തുപേർ അടങ്ങുന്നതാണ് ഉദ്യോഗസ്ഥസംഘം. സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനകളിലൊന്നാണ് ജില്ലയിലും നടന്നത്.