ആരാധന മൂത്തു; ബാബു സുജിത് ഇപ്പോ ൾ ‘ബാബു ആന്റണിയായി’
1425176
Sunday, May 26, 2024 11:11 PM IST
പി .ഏ. പത്മകുമാർ
കൊട്ടാരക്കര: അതേ നീളം, അതേ ശബ്ദം, നീട്ടി വളർത്തിയ മുടി, പേരിൽ പോലും സമാനത. നടപ്പും ഇരുപ്പും ചലനങ്ങളുമെല്ലാം മലയാള സിനിമയിലെ മസിൽമാൻ ബാബു ആന്റണിക്ക് സമാനം. നാട്ടുകാർക്ക് ഈ ചെറുപ്പക്കാരൻ തങ്ങളുടെ പ്രിയപ്പെട്ട ബാബു ആന്റണി തന്നെ.
കൊട്ടാരക്കര പുത്തൂർ മാറനാട് ചരുവിള വീട്ടിൽ ബാബു സുജിത് (29) ആണ് ബാബു ആന്റണിയുടെ അപരനായി പ്രചരിക്കുന്നത്. ഒരിക്കൽ കാണുന്നവർ വീണ്ടും വീണ്ടും നോക്കും - ഇത് ബാബു ആന്റണി തന്നെയോ എന്ന സംശത്താൽ. ബാബു ആന്റണിക്ക് ആറടി രണ്ടിഞ്ചാണ് നീളമെങ്കിൽ ബാബു സുജിതിനും അതേ നീളം തന്നെ. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ബാബു ആന്റണിയുടെ വേഷത്തിൽ. മുടി നീട്ടി വളർത്തി, കണ്ണട ധരിച്ച്, കോട്ടും ഷൂവുമൊക്കെയിട്ടാണ് യാത്രകളെല്ലാം. നാട്ടുകാർ ബാബു സുജിതെന്ന പേരു തന്നെ മറന്നു. അവർക്കെല്ലാം ഇയാൾ ബാബു ആന്റണിയാണ്.
പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബാബു ആന്റണിയോടുള്ള ആരാധന തുടങ്ങിയിരുന്നു. പിന്നീട് ആ ശൈലികൾ അനുകരിച്ചു തുടങ്ങി. അതോടെ സഹപാഠികളും സുഹൃത്തുക്കളും മുതിർന്നവരുമെല്ലാം വിളി ബാബു ആന്റണി എന്നായി മാറ്റി. മിമിക്രി കലാകാരൻ കൂടിയായ ഇദ്ദേഹം ബാബു ആന്റണിയുടെ ശബ്ദത്തിൽ മാത്രമേ സംസാരിക്കുകയുമുള്ളു.
കൊല്ലം കേന്ദ്രമായി മിമിക്രി ട്രൂപ്പ് നടത്തുന്നുണ്ട്. ബാബു ആന്റണിയുടെ സിനിമയുടെ പേര് ചേർത്ത് സുൽത്താൻ കമ്യൂണിക്കേഷൻ എന്നാണ് പേരിട്ടിരിക്കുന്നത്.
ബാബു ആന്റണിയെ പോലെ ബാബു സുജിത് ജീപ്പോടിച്ചു പോകുന്ന വീഡിയോ സുഹൃത്തുക്കൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെ ഒട്ടനവധി ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളും ചാനൽ ഷോകളും ലഭിച്ചതായി അപരൻ വ്യക്തമാക്കി. ഈ വീഡിയോ ബാബു ആന്റണിയും മകനും കണ്ടിരുന്നു. അവരിത് പങ്കുവെക്കുകയും ചെയ്തു. ബാബു ആന്റണിയുടെ മാനേജർ വിളിച്ച് നേരിൽ കാണാമെന്ന് അറിയിക്കുകയുമുണ്ടായി. അധികം താമസിയാതെ ആ കൂടിക്കാഴ്ചയുണ്ടാകുമെന്ന് ബാബു സുജിത് പറയുന്നു.
അപരനായ ബാബു സുജിത് കാരുണ്യവാൻ കൂടിയാണ്. വീടും വസ്തുവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ വയോധികയ്ക്ക് കിടപ്പാടമൊരുക്കുന്ന തിരക്കിലാണിപ്പോൾ. പലരിൽ നിന്നും സ്വരൂപിച്ച തുക കൊണ്ട് ഈ വീടുപണി ഏകദേശം പൂർത്തിയായിട്ടുണ്ട്.
അപരനും സിനിമാ മോഹം ഉള്ളിൽ കൊണ്ടു നടക്കുന്നയാളാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഈ നാട്ടിൻ പുറത്തുകാരനെ ആരു സഹായിക്കാനെന്ന് ബാബു സുജിത് ചോദിക്കുന്നു.