ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം
1458603
Thursday, October 3, 2024 4:20 AM IST
അഞ്ചല്‍: ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കടബാധ്യതകളും കുടിശികകളും സംബന്ധിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടായ ന്യൂനതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ സമരം നടത്തി.
ഭരണസമിതി അംഗങ്ങളായ സൈമണ്‍ അലക്സ്, എസ്.ജെ. പ്രേം രാജ്, ജോളി സജി എന്നിവരുടെ നേതൃത്വത്തിലലാണ് പ്രതിഷേധിച്ചത്. ബാങ്ക് സമയം കഴിഞ്ഞിട്ടും രേഖകൾ സെക്രട്ടറി ഇന്‍ചാര്‍ജ് നൽകിയില്ല. ഇതോടെ പ്രതിഷേധം ഉപരോധമായി മാറി.
മണിക്കൂറുകള്‍ക്കു ശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന കാര്യം ഉറപ്പ് നൽകാത്തതിനാൽ സമരം തുടർന്നു. സമരക്കാരെ ഏതാനും പേർ ചേർന്ന് ബലമായി പറത്തിറക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിഷേധക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാങ്കിലേക്ക് ഇരച്ചുകയറിയത് സംഘര്‍ഷത്തിനിടയാക്കി.
ഭരണസമിതി അംഗങ്ങളും ജീവനക്കാരനും ചേര്‍ന്ന് മാധ്യമ പ്രവർത്തരെ ഉള്‍പ്പടെ ഉള്ളവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ് സ്ഥലത്തെത്തി. ഈമാസം 10-ന് ഭരണസമിതി യോഗം ചേർന്ന് രേഖകള്‍ നല്‍കാമെന്ന് ഉറപ്പു നൽകി. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.