എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കേസ്; പ്രതികൾ പിടിയിൽ
1535122
Friday, March 21, 2025 5:59 AM IST
കൊല്ലം: എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി കുതുബുദീൻ ഗാസി (40), പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ ഗാസി (19) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധൻ പുലർച്ചെ വില്ലേജ് ജംഗ്ഷനിലെ ഹിറ്റാച്ചി എടിഎമ്മിൽ കയറി കാമറയും മറ്റും മറച്ച് എടിഎം തകർത്ത് പണം അപഹരിക്കാൻ ശ്രമം നടന്നിരുന്നു. എടിഎം ഉടമ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവികൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച് തലയിൽ തൊപ്പി വച്ച രണ്ടുപേരാണ് പ്രതികളെന്ന് കണ്ടെത്തി.
തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഈ എടിഎമ്മിൽ പണം എടുക്കാൻ വന്ന ഓരോരുത്തരുടെയും സിസിടിവി ദൃശ്യങ്ങൾ എടുത്ത് പരിശോധിച്ചതിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ കണ്ടെത്തി. ഇവർ അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിൽ ഇവരെ പണക്കര്കടവ് ഭാഗത്ത് കണ്ടത് ആയിട്ടുള്ള വിവരം ലഭിച്ചു.
പിന്നീട് കരുനാഗപ്പള്ളി പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു. എടിഎം കവർച്ച നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റും ഇവരുടെ പക്കൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത് കേസിന് വഴിത്തിരിവായി. ഇവർ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു.
പ്രതികൾ മറ്റു എടിഎമ്മുകൾ പൊളിക്കാൻ പദ്ധതി നടത്തിയിരുന്ന സമയത്താണ് പിടികൂടിയത്. ഇതിനാൽ വലിയൊരു എടിഎം കവർച്ച ഒഴിവാക്കാൻ പോലീസിന് സാധിച്ചു. കരുനാഗപ്പള്ളി എഎസ് പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.