തേവലക്കര പഞ്ചായത്ത് : കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം
1535708
Sunday, March 23, 2025 6:25 AM IST
കൊല്ലം: തേവലക്കര പഞ്ചായത്തിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഫിലിപ്പ്, ഫാത്തിമ കുഞ്ഞ് എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് എതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന് പരാതി നൽകിയിട്ടും നാളിതുവരെയും മൗനം പാലിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും ഫലം ഒന്നും ഉണ്ടായില്ല.
സ്ഥിരമായി മണ്ഡലം കമ്മിറ്റി യോഗം കൂടിയിരുന്നത് ഡിസിസി സെക്രട്ടറിയുടെ വീട്ടിലായിരുന്നു.
എന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുക്കില്ല. പകരം അനുയായികളെ ഉപയോഗിച്ച് യോഗം അലങ്കോലപ്പെടുത്തുകയാണ് പതിവെന്നും ഇവർ ആരോപിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമാ കുഞ്ഞിനെയും ആക്രമിക്കാൻ വരെ ശ്രമം നടന്നു.
മറ്റൊരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഫിലിപ്പിനെതിരേയും ചിലർ കൊലവിളി മുഴക്കി. ഇതിനിടയിൽ കോൺഗ്രസുകാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. അവിശ്വാസം പാസാക്കുകയും ചെയ്തു.
അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എസ്. സിന്ധു തന്നെ പ്രസിഡന്റായി. ആരിഫാ കുഞ്ഞും പി. ഫിലിപ്പും സിന്ധുവിനാണ് വോട്ട് ചെയ്തത്. എൽഡിഎഫും അവരെ പിന്തുണച്ചു.
തുടർന്നാണ് മൂന്നു പേരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഡിസിസി പ്രസിഡന്റ് തേവലക്കരയിൽ എത്തി കോൺഗ്രസിന്റെ എട്ട് പഞ്ചായത്ത് അംഗങ്ങളിൽ അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചതായും പുറത്താക്കപ്പെട്ടവർ പറഞ്ഞു.