‘അക്ഷരപ്പൂക്കളുമായി’ വിദ്യാലയ മുത്തശി
1535717
Sunday, March 23, 2025 6:33 AM IST
ചവറ : 'അക്ഷരപ്പൂക്കളു'മായി 145 വർഷത്തെ പെരുമയുള്ള ചവറ തെക്കുംഭാഗം ഗ്രാമത്തിലെ സർക്കാർ യുപി സ്കൂൾ. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് എഴുത്തുകൂട്ടം (ബഡ്ഡിംഗ് റൈറ്റേഴ്സ് ) തുടങ്ങിയത്.
ഈ വിദ്യാർഥി കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ അക്ഷരപ്പൂക്കൾ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിർദേശിച്ച പ്രകാരം സ്കൂളിൽ ആരംഭിച്ച എഴുത്തുകൂട്ടത്തിൽ അംഗങ്ങളായ 39 കുട്ടികളുടെ ചെറുകഥകളും കവിതകളും ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയത്. 39 കുട്ടികളുടെ 82 കൃതികളാണ് അക്ഷരപ്പൂക്കളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. എം എസ് നൗഫലിന്റെ അവതാരികയോടെയാണ് അക്ഷരപ്പൂക്കൾ പുറത്തിറങ്ങിയത്.
സുജിത് വിജയൻപിള്ള എംഎൽഎ ചവറ ബിപിസി കിഷോർ.കെ.കൊച്ചയ്യത്തിന് നൽകിയാണ് പുസ്തക പ്രകാശന കർമം നടത്തിയത്.
ഡോ. എം.എസ്.നൗഫൽ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകൂട്ടത്തിന്റെ ചുമതലയുള്ള അധ്യാപിക രാഖി.എസ്.കൃഷ്ണനും പ്രധാനാധ്യാപിക കൃഷ്ണകുമാരിയും എസ്എംസി ചെയർമാൻ സുനിൽ പള്ളിപ്പാടനുമാണ് അക്ഷരപ്പൂക്കൾ ഒരുക്കാൻ നേതൃത്വം നൽ കിയത്.
വിദ്യാർഥികൾ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ സംഭവങ്ങൾ കവിതകളും കഥകളുമാണ് അക്ഷരപ്പൂക്കളിലുള്ളത്.