സർവം വിഷമയം; പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കുക
1602200
Thursday, October 23, 2025 6:29 AM IST
കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ മനുഷ്യ ജീവന് ഹാനികരമാകാവുന്ന കൃത്രിമ നിറങ്ങളും കീടനാശിനികളും കണ്ടെത്തി. റസ്റ്റോറന്റുകൾ,ഹോട്ടലുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ ഈ വർഷം മാർച്ച് മുതൽ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് 42ൽ അധികം പേർക്കെതിരെ ഇക്കാര്യത്തിൽ നിയമ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അമരാന്ത് രാസവസ്തു റോസ്ബെറി, മെറ്റാനിൽ മഞ്ഞ,ലെഡ് ക്രോമേറ്റ്,സുഡാൻ റെഡ്,ടാർട്രാസിൻ,കാർമോസിൻ,സുഡാൻ എന്നീ രാസവസ്തുക്കൾ ആണ് പിടിച്ചെടുത്ത് പരിശോധിച്ചസാമ്പിളുകളിൽ കണ്ടെത്തിയിട്ടുള്ളത്.
ഭക്ഷണ പദാർഥങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങളും മറ്റും ചേർക്കുന്നവർക്കെരിരെ കർശന നടപടി സ്വീകരിക്കുമെന്നമുന്നറിയിപ്പും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
റോസ്ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിൽ അർബുദത്തിന് കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിൽ ഓറഞ്ച് രണ്ട് എന്ന രാസവസ്തുവും നാടൻ മുളകുപൊടി, മല്ലി പൊടി എന്നിവയിൽ സുഡാനും കണ്ടെത്തി.
മിക്സ്ചർ, ടൊമാറ്റോ ചിപ്സ്, വാഴയ്ക്ക ചിപ്സ്, പക്കാവട തുടങ്ങിയവയിൽ വലിയ അളവിൽ ടാർട്രാസിന്റെ ഉപയോഗം ആണ് കണ്ടെത്തിയിട്ടുള്ളത്. ഇത് മാരകമായ അലർജിക്ക് കാരണമാകും.
പനഞ്ചക്കര, കരിമ്പ് ശർക്കര എന്നിവയുടെ നേരിയ സാന്നിധ്യത്തിൽ പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബി എന്ന വ്യവസായ ആവശ്യത്തിനുള്ള ഡൈയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. കേക്കുകളിലും മറ്റ് ബേക്കറി പലഹാരങ്ങളിലും അനുവദനീയമായതിലും കൂടുതൽ അളവിൽ നിറങ്ങൾ ചേർക്കുന്നത് കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളിൽ മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാൻ റെഡ് എന്നിവയാണ് കൂടുതലായി ചേർക്കുന്നത്. മഞ്ഞൾപ്പൊടി, മധുര പലഹാരങ്ങൾ, പയറുവർഗങ്ങൾ, ശീതള പാനീയങ്ങൾ എന്നിവയിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ഡൈ ആണ് മെറ്റാനിൽ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കും. ഓർമ നഷ്ടം, ആശയക്കുഴപ്പം എന്നിവയ്ക്കും കാരണമാകും.
കാശ്മീരി മുളക്പൊടി, മല്ലിപ്പൊടി, വിവിധതരം മിക്സ്ചർ, എന്നിവയിൽ മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ, ക്ലോത്തിയാനിഡിൻ, ഡിസെൻ കോണസോൾ കീടനാശിനികൾ എന്നിവ കണ്ടെത്തി.കൃഷി ചെയ്യുന്ന സമയത്ത് ഇവ അനിയന്ത്രിതമായി ഉപയോഗിക്കുന്നു എന്നതിനാൽ പൊടിച്ച സുഗന്ധ വ്യഞ്ജനങ്ങളിൽ വലിയ തോതിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും.