തിരുമുക്ക് അടിപ്പാത സമരം: സാംസ്കാരിക പ്രവർത്തകർ സത്യഗ്രഹം അനുഷ്ഠിച്ചു
1601835
Wednesday, October 22, 2025 6:36 AM IST
ചാത്തന്നൂർ : തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തിനാലാം ദിവസം സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ സത്യഗ്രഹമനുഷ്ഠിച്ചു. ശിവഗിരി ഗുരുധർമ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
ശിവഗിരി മഠത്തിലെ സുകൃതാനന്ദ സ്വാമികൾ പ്രതിഷേധ ജ്വാല തെളിയിച്ചു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകനായ ഹസ്താമലഖൻ, സാഹിത്യകാരൻ ഡി.സുധീന്ദ്രബാബു , ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ് , സന്തോഷ് പാറയിൽക്കാവ്, എൻ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
ഇന്നു വൈകുന്നേരം അഞ്ചുമുതൽ വ്യാപാരികളുടെ നേതൃത്വത്തിൽ സായാഹ്ന സത്യഗ്രഹസമരം നടക്കും. പ്രതിഷേധ ജ്വാല കത്തിച്ച് ചാത്തന്നൂർ മാർത്തോമ്മാ പള്ളി വികാരി ഫാ. ജോൺസൺ ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്യും.