പശുവിന് വാഗ്ദാനം ചെയ്ത അളവിൽ പാൽ കിട്ടിയില്ല; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
1601832
Wednesday, October 22, 2025 6:36 AM IST
കൊട്ടാരക്കര : പശുവിന് വാഗ്ദാനം ചെയ്തിരുന്ന അളവിൽ പാൽ കിട്ടാഞ്ഞതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കൊല്ലം ജില്ല ഉപഭോക്തൃതർക്കപരിഹാരകമ്മിഷൻ. പുത്തൂർ മഠത്തിനാപ്പുഴ സുധ വിലാസത്തിൽ രമണൻ 56000 രൂപ കൊടുത്ത് ആറ്റുവാശേരി കുരു വീണവീട്ടിൽ ഉണ്ണികൃഷ്ണപിള്ളയിൽ നിന്നും ഗർഭിണിയായ പശുവിനെ വാങ്ങിയിരുന്നു.
വാങ്ങുന്ന സമയത്ത് പശുവിൽ നിന്നും 12ലീറ്റർ പാൽ ലഭിക്കുമെന്നാണ് രമണനോട് ഉണ്ണികൃഷ്ണപിള്ള പറഞ്ഞിരുന്നത്. എന്നാൽ പശുവിന്റെ പ്രസവം കഴിഞ്ഞ് പാൽ കറന്നെടുത്തപ്പോൾ നാല് ലിറ്റർ മാത്രമേ ലഭിച്ചിരുന്നുള്ളു. തുടർന്ന് മൂന്ന് മാസം കറവ തുടർന്നെങ്കിലും ആറ് ലിറ്ററിൽ കൂടുതൽ പാൽ കിട്ടിയില്ല.
കബളിപ്പിക്കപ്പെട്ടതോടെ ഉണ്ണികൃഷ്ണപിള്ളേയോട് പശുവിനെ തിരികെ കൊണ്ട് പോകാൻ രമണൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പശുവിനെ വാങ്ങുന്ന സമയത്ത് 12ലിറ്റർ പാൽ ലഭിച്ചില്ലെങ്കിൽ തിരികെ വാങ്ങിക്കൊള്ളാം എന്ന് ഉണ്ണികൃഷ്ണപിള്ള രമണനോട് പറഞ്ഞിരുന്നു. പശുവിനെ തിരികെ കൊടുത്ത് കാശ് തിരിച്ചു വാങ്ങുന്നതിനായി പുത്തൂർ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. റൂറൽ എസ് പിക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
തുടർന്ന് രമണൻ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസിന്റെ വിചാരണ വേളയിൽ എതിർ കക്ഷിയായ ഉണ്ണികൃഷ്ണപിള്ള മരണമടഞ്ഞു.
പ്രതി ചേർക്കപ്പെട്ട ഇയാളുടെ ഭാര്യ ജയലക്ഷ്മിയിൽ നിന്നും 56000രൂപയും കോടതി ചെലവിനത്തിൽ 10000രൂപയും മാനസികമായി രമണന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്കായി 26000 രൂപയും നൽകാൻ ഉപഭോക്തൃതർക്കപരിഹാരകമ്മിഷൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. പ്രവീൺ. പി. പൂവറ്റൂർ ഹാജരായി.