വ്യാജ ആധാർ കാർഡുമായി ഒരാൾ അറസ്റ്റിൽ
1601828
Wednesday, October 22, 2025 6:36 AM IST
കൊല്ലം: സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി ഒരാൾ കൂടി ഇന്നലെ അറസ്റ്റിലായി.
ബംഗ്ലാദേശിൽ നിന്നും എത്തി വ്യാജ ആധാർ കാർഡുമായി കൊല്ലത്തു താമസിച്ചുവരികയായിരുന്നു. പോലീസ് പരിശോധന ഉണ്ടെന്നറിഞ്ഞ് ബേപ്പൂർക്കു രക്ഷപ്പെട്ട നേപ്പാൾ ദാസ് എന്നയാളാണ് ബേപ്പൂർ പോലീസിന്റെ പിടിയിലായത്.
ദിവസങ്ങൾക്കുമുൻപ് ബംഗ്ലാദേശ് സ്വദേശി പരുമൽദാസിനെ(21) വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്കു കൊല്ലത്ത് ബോട്ടിൽ ജോലി വാങ്ങി നൽകുന്നതിനു സഹായിച്ച ചെയ്ത തപൻ ദാസ് (24) എന്നയാളെയും ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇതോടെ സുരക്ഷിതതീരം പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
പരിശോധനയുടെ ആദ്യ ആഴ്ചയിൽ തന്നെ മൂന്നുപേർ അറസ്റ്റിൽ ആയതോടെ ഇത്തരത്തിൽ നിരവധി ആളുകൾ മത്സ്യബന്ധന മേഖലയിലും മറ്റു മേഖലയിലും എത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന് കൊല്ലം എസിപി എസ്.ഷെരീഫ് പറഞ്ഞു.