മഴയും വെയിലും വകവയ്ക്കാതെ സഞ്ചാര സ്വാതന്ത്ര്യസമരം തുടരുന്നു
1601826
Wednesday, October 22, 2025 6:36 AM IST
കൊട്ടിയം:ഇത്തിക്കരയിലെ ജനകീയ സത്യഗ്രഹ സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ഇരുപതു ദിവസത്തോളമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സമൂഹം കനത്ത ചൂടിനെയോ, മഴയെയോ വകവെയ്ക്കാതെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഉപേക്ഷിച്ചു തെരുവോരത്ത് സമരം ചെയ്യുകയാണ്.
ഭരണാധികാരികളും നാഷണൽ ഹൈവേ അധികൃതരും സമരം കണ്ടില്ലെന്നു നടിക്കുകയാണ്. ഇനിയും ഭരണകൂടം കണ്ണടച്ചിരിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ വളരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സമരസമിതി അറിയിച്ചു.
ഇരുപതാം ദിവസത്തെ സത്യഗ്രഹം സിപിഐ ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സജീവ് കുമാർ അനുഷ്ഠിച്ചു. കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ ആദിച്ചനല്ലൂർ ലോക്കൽ സെക്രട്ടറി എൻ. സുരേഷ്, ആർ എസ് പി മണ്ഡലം സെക്രട്ടറി ഷാലു വി.ദാസ്, സിപിഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി മെമ്പർ രാധാകൃഷ്ണൻ, സിപിഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം മൈലക്കാട് ഫൈസൽ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ അംഗങ്ങളായ ശ്യാം സുഗുണൻ, ബിജു എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന യോഗത്തിൽ സി പി ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ. നാസറുദ്ദീൻ നാരങ്ങാനീര് നൽകി സത്യഗ്രഹ സമരം അവസാനിപ്പിച്ചു.