ഒളിമങ്ങാത്ത ഓർമകളുമായി ബിഷപ് ബെൻസിഗറിന്റെ കാളവണ്ടി
1601809
Wednesday, October 22, 2025 6:24 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: കടകട ശബ്ദവും മണി കിലുക്കവുമായി ഒരു കാലത്തു ഗ്രാമവീഥികളിലൂടെ പ്രതാപത്തോടെ ഓടിയിരുന്ന വണ്ടിയുടെ ഓട്ടം നിലച്ചെങ്കിലും ഒളിമങ്ങാത്ത ഓർമങ്ങളാണ് കൊല്ലം ബിഷപ് ഹൗസിനുമുന്നിലെ ബിഷപ് ബെൻസിഗറിന്റെ കാളവണ്ടി പകരുന്നത്. ഒരു മിഷനറി അനുഭവിച്ച ത്യാഗത്തിന്റെയും പങ്കുവച്ച വിശ്വാസത്തിന്റെയും ജീവിച്ച നന്മനിറഞ്ഞ ജീവിതത്തിന്റെയും കഥ ഈ വാഹനം പറയും. ബിഷപ് ഹൗസിൽനിന്നും രൂപതയുടെവക മ്യൂസിയത്തിലേക്കു മാറുവാനുള്ള ഒരുക്കത്തിലാണ് ഈ വണ്ടി.
ഈട്ടിയിൽ നിർമിച്ചിരിക്കുന്ന വണ്ടിക്ക് ഇന്നും ഒരു കേടുപാടുപോലുമില്ല. ഒരാൾക്കു കാലുനീട്ടിയിരുന്നു യാത്ര ചെയ്യാവുന്ന വാഹനം. ഒന്നോ രണ്ടോ ദിവസം താമസിക്കേണ്ടിവന്നാൽ അതിനുള്ള വസ്ത്രംപോലും സൂക്ഷിക്കാനുള്ള പെട്ടിയും വാഹനത്തിലുണ്ട്. പ്രാർഥനപുസ്തകങ്ങളും ബൈബിളും വയ്ക്കാനുള്ള സൗകര്യവും തീർത്തിരിക്കുന്നു.
ചക്രങ്ങളിൽ റബർച്ചട്ട പിടിപ്പിച്ചിരിക്കുന്നതിനാൽ അസൗകര്യമായ ഒരു ശബ്ദമോ കുലുക്കമോ ഉണ്ടാകില്ല. അതിനുപോലും തേയ്മാനം സംഭവിച്ചിട്ടില്ല. ഇപ്പോഴും പുതുപുത്തൻപോലെ വാഹനം കിടക്കുന്നു. വാഹനത്തിനൊരു കേടുപാടുസംഭവിക്കാതെയിരിക്കാൻ മോൺ.ബൈജു ജൂലിയന്റെ നേതൃത്വത്തിൽ പ്രത്യേകം പരിപാലിക്കുന്നുമുണ്ട്.
31വർഷക്കാലം ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ സന്തതസഹചാരിയായിരുന്നു ഈ വാഹനം. സ്വിറ്റ്സർലൻഡിലെ ഐൻസീഡനിലെ പ്രഭുകുടുംബത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം മിഷനറിയാകാൻ കൊതിച്ചു ഒരു കർമലീത്ത വൈദികനായിട്ടാണ് ഭാരതത്തിലെത്തുന്നത്. പ്രേഷിതപ്രവർത്തനത്തിനായി ഇറങ്ങി പുറപ്പെട്ട ഇദ്ദേഹം കൊച്ചിയിൽ സെമിനാരിയിൽ പ്രഫസറായി. ശ്രീലങ്കയിൽ അപ്പസ്തോലിക് ന്യൂണ്ഷയുടെ സെക്രട്ടറിയായി. അവിടെനിന്നും 1900ൽ സഹായമെത്രാനായിട്ടാണ് കൊല്ലത്തേക്കു വരുന്നത്.
അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനമേഖലകളിൽ കൂട്ടായിരുന്നു ഈ വാഹനം. രോഗത്താലും പട്ടിണിയിലും വലയുന്ന സാധാരണക്കാരെ കൈപ്പിടിച്ച് ഉയർത്താൻ മുന്നിൽനിന്ന പിതാവായിരുന്നു ബെൻസിഗർ എന്ന് മോൺ. ബൈജു ജൂലിയൻ അനുസ്മരിക്കുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുണ്ടായിരുന്ന പിതാവ് രൂപതയേയും നാടിനെയും സാമ്പത്തികമായി രക്ഷപ്പെടാനുള്ള മാർഗങ്ങളും സ്വീകരിച്ചു. ക്രിസ്തുവിന്റെ സുവിശേഷം ജീവിതത്തിലൂടെ പ്രസംഗിച്ച പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. പള്ളി - പള്ളിക്കൂടം - മാർക്കറ്റ് എന്നിങ്ങനെയായിരുന്നു ബിഷപ് സമൂഹത്തെ ഉയർത്തികൊണ്ടുവന്നത്.മോട്ടോർവാഹനമില്ലാത്ത കാലത്തെ രാജകീയവാഹനമായിരുന്നു ഇത്. ഭാരതത്തിലെ ആദ്യത്തെ കത്തോലിക്ക രൂപതയായിരുന്നു കൊല്ലത്തേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടി വന്നിരുന്നു.
വിശ്വാസികളുടെ വിശ്വാസജീവിതത്തിൽ മാത്രമല്ല ഭൗതികജീവിതത്തെയും രക്ഷപ്പെടുത്താൻ ദൗത്യമേറ്റെടുത്തു മുന്നിട്ടിറങ്ങിയ ബിഷപിനു കൂട്ടായി കൂടെയുള്ളത് ഈ വാഹനമായിരുന്നു. 1900 മുതൽ 1931ൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നതുവരെ ഈ വാഹനത്തിലായിരുന്നു യാത്ര. സഹോദരങ്ങൾ വിദേശത്തുനിന്നും കാർ വാങ്ങാൻ നൽകിയ പണം നൽകി വാഹനമെടുക്കുന്നതിനുപകരം ഫാത്തിമ കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശമെല്ലാം വാങ്ങി വിദ്യാഭ്യാസത്തിനും ആതൂരസേവനത്തിനും ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. അക്കാലത്ത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അഭ്യർത്ഥനപ്രകാരം ധാരാളം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ ആരംഭിച്ചു.
മഹാരാജാവിന്റെ അഭ്യർഥന പ്രകാരം സർക്കാർ ആശുപത്രികളിൽ രോഗികളെ ശുശ്രൂഷിക്കാൻ സ്വിറ്റ്സർലൻഡിൽ നിന്നു കന്യാസ്ത്രീകളെ കൊണ്ടുവന്നതും ബിഷപ് ബെൻസിഗർ ആണ്.അദ്ദേഹത്തെ സഭ ആർച്ച് ബിഷപ് പദവിയിലേക്ക് ഉയർത്തി. കൊല്ലം രൂപതയിൽ നിന്ന് ദൈവദാസ പദവിയിലെത്തുന്ന ആദ്യബിഷപ്പും ബിഷപ് ബെൻസിഗറാണ്. ദൈവദാസൻ ഉപയോഗിച്ച വാഹനത്തിനു ഇന്നും പ്രതാപം നഷ്ടപ്പെട്ടിട്ടില്ല. വിശുദ്ധമായി ഇന്നും ബിഷപ്ഹൗസിന്റെ മുറ്റത്ത് കിടക്കുന്നു.