ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
1601830
Wednesday, October 22, 2025 6:36 AM IST
അഞ്ചൽ : ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര സ്വദേശി സുബു (40) വെളിയം സ്വദേശി അരുൺ എന്നിവരെയാണ് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പിടികൂടിയത്.
പ്രദേശത്ത് ആനക്കൊമ്പ് വില്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകർ രഹസ്യമായി നിരീക്ഷണം നടത്തിയത്. ഇതിനിടയിലാണ് ആനക്കൊമ്പിൽ തീർത്ത ദണ്ഡ് പിടികൂടുന്നത്.
പിടിയിലായ സുബുവിന്റെ മുത്തച്ഛൻ കൈ മാറിയതാണെന്നും ശ്രീലങ്കയിൽനിന്നും എത്തിച്ച ആനക്കൊമ്പ് ആണെന്നുമാണ് പ്രതികൾ വനംവകുപ്പിനോട് പറഞ്ഞിരിക്കുന്നത്. ഇടനിലക്കാർ, വാങ്ങാൻ എത്തിയവർ ഉൾപ്പടെ കൂടുതൽ ആളുകൾ പിടിയിലാക്കുമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നത്.
പിടികൂടിയ പ്രതികളെ പിന്നീട് പത്തനാപുരം റേഞ്ച് അധികൃതർക്കു കൈമാറി. പ്രതികൾ എത്തിയ കാറും വനപാലകർ പിടികൂടിയിട്ടുണ്ട്.