മണ്ണ് കടത്ത്: അടൂരിൽ വാഹനങ്ങൾ പിടികൂടി
1242863
Thursday, November 24, 2022 10:19 PM IST
അടൂർ: അനധികൃതമായി ഭൂമി ഖനനം ചെയ്ത് മണ്ണു കടത്തുന്ന സംഘങ്ങൾക്കെതിരേ പോലീസ് നടപടി ശക്തമാക്കി.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ അടൂർ പോലീസ് എഴു ടിപ്പർ ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. അടൂർ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമായി പരിശോധന നടന്നത്.
അനധികൃത പച്ചമണ്ണ് ഖനനം വ്യാപകമാകുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പള്ളിക്കൽ, പഴകുളം മേഖലകളിൽ വലിയതോതിൽ അനധികൃത മണ്ണ് ഖനനം നടക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും അനധികൃത പച്ചമണ്ണ് ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും ജില്ലാ കളക്ടർക്കും പോലീസ് നൽകിയിട്ടുണ്ട്. അടൂർ ഉൾപ്പെടെ എല്ലായിടത്തും റെയ്ഡുകൾ വരും ദിവസങ്ങളിലും തുടരും. എസ്ഐമാരായ വിപിൻ കുമാർ, എം. മനീഷ്, സിപിഒമാരായ അൻസാജു, നിസാർ, ജോബിൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.