അൾത്താരയുടെ വിശുദ്ധി പുരോഹിതർക്കൊപ്പം എപ്പോഴുമുണ്ടാകണം: മാർത്തോമ്മ മെത്രാപ്പോലീത്ത
1244262
Tuesday, November 29, 2022 10:48 PM IST
തിരുവല്ല: അൾത്താരയുടെ വിശുദ്ധി സ്വന്തം ഉടലിലും മനസിലും എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് യഥാർഥ വൈദികരെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പലീത്ത. മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുരോഹിതനെ തിരിച്ചറിയേണ്ടത് സ്വന്തം സാക്ഷ്യത്തിലൂടെയാണ്. ശബ്ദകോലാഹലങ്ങളിലല്ല, ക്രിസ്തുവിനെ പറയാതെ പറയുന്നവരാകണം വൈദികർ. അനീതിയുടെ ഘടനകളുമായി കൂട്ടുകച്ചവടത്തിനോ, നവ മാധ്യമ സംസ്കാരത്തിൽ തിൻമയുടെ പ്രവാചകരോ ആയി വൈദികർ മാറരുതെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
വൈദിക കോൺഫറൻസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, വികാരി ജനറാൾ റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്പ്, കൺവീനർ റവ. ജോൺസൻ സി. ജേക്കബ്, ട്രഷറർ റവ.ഡോ. സജു മാത്യു എന്നിവർ പ്രസംഗിച്ചു. ശ്വാസം മുട്ടുന്ന ലോകം, അജപാലന ശുശ്രൂഷയിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. യേശുദാസ് അത്യാൽ, റവ. കെ.സി. വർഗീസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സമ്മേളനം നാളെ സമാപിക്കും.