കുടിവെള്ള പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കൽ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേൽനോട്ടം വഹിക്കും
1263650
Tuesday, January 31, 2023 10:20 PM IST
പത്തനംതിട്ട: കോയിപ്രം, എഴുമറ്റൂര്‍, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം കുടിവെള്ള പദ്ധതിക്ക് പുതുതായി നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുള, റാന്നി, തിരുവല്ല നിയോജക മണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, എഴുമറ്റൂര്‍, കല്ലൂപ്പാറ, കുന്നന്താനം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം.
പുതുതായി കണ്ടെത്തിയ സ്ഥലത്തിന്റെ പ്രായോഗികത രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണയിച്ച് നല്കാന് ജല അഥോറിറ്റി പത്തനംതിട്ട സൂപ്രണ്ടിംഗ് എൻജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പഞ്ചായത്തുകളിലുള്ള ഉപയോഗശൂന്യമായ പൊതുടാപ്പുകള്‍ അടിയന്തരമായി സംയുക്ത പരിശോധന നടത്തി മാര്‍ച്ച് 31ന് മുന്‍പ് വിച്ഛേദിക്കാന്‍ ജല അഥോറിറ്റി എഇക്ക് മന്ത്രി നിര്‍ദേശം നല്കി.
ഇരവിപേരൂര്‍, പുറമറ്റം, പടുതോട് പമ്പ് ഹൗസുകളില്‍ നിലവിലുള്ള ട്രാന്‍സ്ഫോമറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വേനല്‍ കനക്കുന്നതിന് മുന്‍പു തന്നെ പമ്പയില്‍ വെള്ളം കുറയുന്നതിനാല്‍ താത്കാലിക തടയണ എത്രയും വേഗം നിര്‍മിക്കണമെന്നു പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.