പത്തനംതിട്ടയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള: ആലോചനായോഗം ഇന്ന്
1454562
Friday, September 20, 2024 3:08 AM IST
പത്തനംതിട്ട: ജില്ലാ കേന്ദ്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങുന്നു. നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇതിനായി ഇന്ന് വൈകുന്നേരം നാലിന് നഗരസഭാ കോൺഫറൻസ് ഹാളിൽ ആലോചനയോഗം ചേരും. മുതിർന്ന ചലച്ചിത്ര പ്രവർത്തകനും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ ഡയറക്ടറുമായ എ.മീരാസാഹിബ് യോഗം ഉദ്ഘാടനം ചെയ്യും.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പത്തനംതിട്ടയ്ക്കായി പദ്ധതി തയാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയാണ് പരിപാടിയുമായി നഗരസഭ മുന്നോട്ടുപോകുന്നത്. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ ആസ്വാദകർക്ക് മുന്നിലേക്ക് എത്തിക്കുകയും ഈ മേഖലയിലേക്കു കടന്നുവരുന്നവർക്ക് ആധുനിക സങ്കേതങ്ങളെയും ലോക ചലച്ചിത്ര സംസ്കാരത്തെയും പരിചയപ്പെടുത്തുകയുമാണ് ഭരണസമിതിയുടെ ലക്ഷ്യം.
ടൗൺ ഹാൾ, നഗരസഭ കോൺഫറൻസ് എന്നിവിടങ്ങളിൽ ചലച്ചിത്ര പ്രദർശനത്തിനുള്ള സംവിധാനങ്ങൾ ഭരണസമിതി തയാറാക്കിയിട്ടുണ്ട്. നഗരത്തിലെ മറ്റു തീയറ്ററുകളെ കൂടി സഹകരിപ്പിച്ചുകൊണ്ട് മികച്ച രീതിയിൽ നടത്തിയെടുക്കാനാണ് ആലോചന.
ചലച്ചിത്രകാരന്മാർക്കും കലാ ആസ്വാദകർക്കും ഒപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ നഗരത്തിന് പുതിയൊരു ചലച്ചിത്ര സംസ്കാരം പകർന്നു നൽകുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.