കാഴ്ചയിൽ മികവ്, വില്പനയിൽ പിന്നിൽ : പൂകൃഷിയിൽ നഷ്ടക്കണക്ക്
1459195
Sunday, October 6, 2024 2:49 AM IST
പത്തനംതിട്ട: പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ജില്ലയിൽ കുടുംബശ്രീ മിഷൻ പൂക്കൃഷിയെ പ്രോത്സാഹിപ്പിച്ചത്. കുടുംബശ്രീ യൂണിറ്റുകളും വനിതാ കൂട്ടായ്മകളും വ്യാപകമായി പൂക്കൃഷി നടത്തി. ഓണത്തിന് സ്വന്തം പൂക്കൾ എന്ന ലക്ഷ്യത്തോടെയാണ് ഹൈബ്രിഡ് ഇനത്തിൽപെട്ട ചെടികളുടെ തൈകൾ എത്തിച്ച് കൃഷി നടത്തിയത്.
ഏക്കർ കണക്കിനു സ്ഥലത്ത് ഇക്കുറി കൃഷി ഇറക്കിയിരുന്നു. ഓണം എത്തിയപ്പോഴേക്കും പൂക്കൾ വിരിഞ്ഞ് നാടൊട്ടുക്ക് വർണക്കാഴ്ചയൊരുക്കി. എന്നാൽ കൃഷി പ്രതീക്ഷിച്ചത്ര ലാഭകരമായിരുന്നില്ലെന്നാണ് കണക്കെടുപ്പ്. പൂവ് വാങ്ങാൻ ആളെത്താതിരുന്നതാണ് കാരണം. സബ്സിഡി തുക ലഭിക്കുന്നതോടെ കൃഷി നഷ്ടമില്ലാതെ പോകുമെന്നാണ് വിലയിരുത്തൽ.
തുന്പമണ്ണിൽ അഞ്ച് ഗ്രൂപ്പുകളാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. താമസിച്ച് കൃഷി ഇറക്കിയതിനാൽ ഓണക്കാലത്ത് വിളവെടുക്കാനായത് വളരെ കുറച്ചു മാത്രമാണ്. ബാക്കിയുള്ളവ പൂത്ത് വരുന്നതേയുള്ളൂ. ഇനി ഇപ്പോൾ പൂക്കൾക്ക് ആവശ്യക്കാർ കുറയും. കടകളിലെത്തിച്ചാൽ വില ലഭിക്കുന്നില്ലെന്നാണ് പരാതി. നാടൻ പൂക്കളോടു വ്യാപാരികൾക്കു താത്പര്യക്കുറവുണ്ട്.
ചെണ്ടുമല്ലി മാത്രമേ ഇവിടെ ലഭിക്കൂ എന്നതാണ് കാരണം. നാടൻ ചെണ്ടുമല്ലി വാങ്ങിയാൽ തമിഴ്നാട്ടിൽ നിന്നുള്ള ഇതര പൂക്കൾക്ക് കൂടുതൽ വില നൽകേണ്ടിവരുമത്രേ. തന്നെയുമല്ല സ്ഥിരമായി പൂക്കൾ നൽകുന്നവരിൽ നിന്ന് വാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിക്കാതെ വരുമെന്നും വ്യാപാരികൾ പറയുന്നു.
തുന്പമൺ ദീപം യൂണിറ്റ് ഒരേക്കറിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. സുജാത, സരസമ്മ, ശശികല, ശാന്തകുമാരി എന്നീ വനിതാ സംരംഭകർ ചേർന്നാണ് കൃഷി ഇറക്കിയത്. 20000 ൽ അധികം രൂപ ഇവർക്ക് ചെലവായി. നട്ടതും പരിപാലിച്ചതുമെല്ലാം എല്ലാം സ്വന്തം അധ്വാനം കൊണ്ടാണ്.
ഏതാനും മാസങ്ങൾ വിശ്രമമില്ലാതെ തോട്ടത്തിൽ ചെലവഴിച്ചുവെങ്കിലും അധ്വാനത്തിന് അനുസൃതമായി പ്രയോജനമുണ്ടായില്ല. മഴ ശക്തമാകുന്നതിനു മുന്പ് പൂക്കൾ എങ്ങനെയും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് വനിതാ സംരംഭകർ. ക്ഷേത്രങ്ങളിലോ മൊത്ത വ്യാപാരികൾക്കോ എവിടെയും പൂവ് എത്തിച്ചു നൽകാൻ ഇവർ തയാറാണ്.
വിപണി കണ്ടെത്തൽ പ്രയാസം
പൂക്കൾക്ക് വിപണി കണ്ടെത്തുകയെന്നത് സംരംഭകർക്ക് പ്രയാസമായിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷനും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയില്ല. ഒറ്റപ്പെട്ട പൂക്കർഷക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട്ടിലെ പൂക്കടകൾക്കുമില്ല. തമിഴ്നാട്ടിൽ നിനനുള്ള മൊത്ത വിതരണക്കാരെ തള്ളിപ്പറയാൻ ഇവർ തയാറല്ല.
എല്ലാ ഇനത്തിലുമുള്ള പൂക്കൾ നാട്ടിൽ ലഭ്യമാകാത്തതാണ് കാരണമായി ഇവർ പറയുന്നത്. തന്നെയുമല്ല നാട്ടിലെ പൂക്കളുടെ ലഭ്യത സീസണിൽ മാത്രമാകും. എല്ലാ സമയത്തും പൂക്കൾ ആവശ്യമുള്ള വ്യാപാരികൾക്ക് തമിഴ്നാട്ടുകാരെ ആശ്രയിക്കാതെ തരമില്ലെന്നായി. ഓണക്കാലത്തു പോലും നാടൻ പൂക്കൾ ആവശ്യക്കാരിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ് സംരംഭകർ നേരിട്ട പ്രശ്നം.
പൂപ്പാടങ്ങളിൽ നേരിട്ട് വില്പന നടന്നുവെങ്കിലും ചെണ്ടുമല്ലി മാത്രമേ ലഭ്യമാക്കാനായുള്ളൂ. പൂക്കളങ്ങൾ ഒരുക്കാൻ എത്തിയവർക്ക് വിവിധയിനം പൂക്കളായിരുന്നു ആവശ്യം. വിപണിയിലേക്ക് നാടൻ പൂക്കൾ എത്തിക്കാൻ കഴിയാതെ വന്നതോടെ പൂക്കളിൽ നിന്നും സംരംഭകർക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചതുമില്ല.