അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് മെറിറ്റ് അവാര്‍ഡ്ദാനം 22ന്
1568789
Friday, June 20, 2025 3:24 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന മെറിറ്റ് അവാര്‍ഡ്-2025 വിതരണവും എക്സലന്‍ഷ്യ സീസണ്-3 മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ഹെറിറ്റേജ് ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും 22ന് ഉച്ചയ്ക്ക് ഒന്നിന് എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടത്തും.
അതിരൂപതയുടെ അമ്പൂരി മുതല്‍ അതിരമ്പുഴവരെയുള്ള ഫൊറോനകളില്‍നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കിന് മുകളില്‍ നേടിയവര്‍ തുടങ്ങി 800 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അതിരൂപതാ വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മാര്‍ഗനിര്‍ദ്ദേശ പ്രസംഗവും ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണവും നടത്തും.
അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല സന്ദേശം നല്‍കും. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ജനറല്‍ കണ്‍വീനമാരായ കുഞ്ഞ് കളപ്പുര, ഷിജി ജോണ്സണ്, സണ്ണിച്ചന് ഇടിമണ്ണിക്കല്‍, ടോമിച്ചന് അയ്യരുകുളങ്ങര എന്നിവര്‍ പ്രസംഗിക്കും.