മയക്കുമരുന്ന് വ്യാപാരത്തിന് രാഷ്ട്രീയക്കാരുടെ ഒത്താശയെന്ന്
1246041
Monday, December 5, 2022 10:48 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നു. ഒത്താശയുമായി രാഷ്ട്രീയ നേത്യത്വം. കഴിഞ്ഞ ദിവസം അമ്പലപ്പുഴ ജംഗ്ഷന് തെക്കുഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽനിന്ന് കാസർകോട് പേരലട സ്വദേശികളായ അബ്ദുൾ റഷീദ് (26), ഹക്കീം (45) എന്നീ യുവാക്കളെ പിടികൂടിയിരുന്നു. ഭരണകക്ഷിയിലെ ഘടകകക്ഷിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എന്നാൽ ഉപഭോഗത്തിന്റെ മാത്രം കേസെടുത്ത് യുവാക്കളെ അമ്പലപ്പുഴ പോലീസ് ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു. 30 ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽനിന്ന് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഈ ലോഡ്ജിന്റെ പേര് വെളിപ്പെടുത്താൻ പോലും പോലീസിന് മടിയായിരുന്നു. രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഈ കേസ് ഒതുക്കിത്തീർക്കാൻ പോലീസ് തയാറായത്ന്നാണ് ആരോപണം. സർക്കാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ പ്രാദേശിക നേതൃത്വം ഇതിന് ഒത്താശ ചെയ്യുകയാണ്. ഏതാനും ആഴ്ച മുൻപ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അമ്പലപ്പുഴ ടൗൺ ഹാൾ വക സ്ഥലത്തുനിന്ന് സ്വകാര്യവ്യക്തിക്ക് മണൽ കടത്താൻ ഒത്താശ ചെയ്തു കൊടുത്തതും അമ്പലപ്പുഴ പോലിസായിരുന്നു. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുപോലും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമായിട്ടും ആരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.