പറവൂർ പൂന്തുരം റോഡ് തുറന്നു കൊടുക്കും
1263327
Monday, January 30, 2023 9:58 PM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിൽ 10 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച പറവൂർ പൂന്തുരം റോഡ് പുതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നു നാടിനു സമർപ്പിക്കും. ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് എട്ടാം വാർഡിന്റെ കിഴക്കൻ ഭാഗങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
കാർഷിക മേഖലയ്ക്കും ഏറെ സഹായകരമാകുന്ന റോഡിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് പതിനഞ്ചിൽ കടവിനു സമീപം നടക്കും. എച്ച്. സലാം എംഎൽഎ അധ്യക്ഷനാകും. എ.എം. ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ വിശിഷ്ടാതിഥികളാകും.
നിയമസഭാ മാർച്ച് വിജയിപ്പിക്കും
പൂച്ചാക്കൽ: പെൻഷൻ പരിഷ്കരണത്തിന്റെ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡി സെപിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന പെൻഷനേഴ്സ് കൗൺസിൽ(കെഎസ്എസ് പി സി) നാളെ നടത്തുന്ന നിയമസഭാ മാർച്ച് വിജയിപ്പിക്കാൻ പെൻഷണേഴ്സ് കൗൺസിൽ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജി. ബാബുലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.വി.ആർ. രജിത, സി.കെ പീതാംബരൻ, എം.കെ കബീർ, ഡി.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കാരുണ്യദിനം ആചരിച്ചു
മങ്കൊമ്പ്: കെ.എം. മാണിയുടെ 90-ാമത് ജന്മദിനം കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു പരിപാടി ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലയിൽ അധ്യക്ഷത വഹിച്ചു. ജോസഫ് കെ. നെല്ലുവേലി, ഷാജോ കണ്ടക്കൂടി, ജോജി വയലപ്പള്ളി, ഷിബു ലുക്കോസ്, ജോസ് ജോൺ വെങ്ങാന്ത്ര, ഏബ്രഹാം ചാക്കോ, ബിജു സി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.