ചേര്ത്തലയിലെ മാലിന്യ പ്ലാന്റ് പ്രദേശം എം.ബി.രാജേഷ് സന്ദർശിച്ചു
1264849
Saturday, February 4, 2023 10:44 PM IST
പരാതിയുമായി നാട്ടുകാർ;
ആശങ്ക വേണ്ടെന്ന് മന്ത്രി
ചേര്ത്തല: സര്ക്കാരിന്റെ റീബില്ഡ് കേരള പദ്ധതിയില് ഉള്പ്പെടുത്തി ആധുനിക ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്മിക്കുന്ന ചേര്ത്തല ആനതറവെളിയില് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് സന്ദര്ശനം നടത്തി. പദ്ധതിയെപ്പറ്റി പരാതിയുമായെത്തിവരെ കാര്യങ്ങള് ബോധ്യപ്പെടുത്താനും ആശങ്കകളകറ്റാനുമാണ് മന്ത്രിയെത്തിയത്. തണ്ണീര്മുക്കത്തുനിന്നുള്ള കോണ്ഗ്രസ് നേതാക്കളും സമീപത്തെ ആശുപത്രി പ്രതിനിധികളും മന്ത്രിക്കു മുന്നില് ആശങ്കകളുമായെത്തി. എന്നാല്, ഒരു തരത്തിലുള്ള പ്രതിസന്ധിയും പ്ലാന്റ് വഴിയുണ്ടാകില്ലെന്നും ആശങ്കകള്ക്കടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു.
ആധുനിക സംവിധാനം
ഇത്തരത്തില് തിരുവനന്തപുരത്തു പ്രവര്ത്തിക്കുന്ന പ്ലാന്റുകള് ആശങ്ക ഉയര്ത്തിയവരുമായി സന്ദര്ശിച്ചിരുന്നെന്നും അവിടെയുള്ള പ്ലാന്റുകളേക്കാള് ചെറുതും കൂടുതല് ആധുനിക സംവിധാനവുമുള്ള പ്ലാന്റാണ് ചേര്ത്തലയില് സ്ഥാപിക്കുന്നതെന്ന് മന്ത്രി അവരെ അറിയിച്ചു. പ്ലാന്റിനെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകളകറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെയും ജില്ലയില് പ്രത്യേകിച്ചും കോളിഫോം ബാക്ടീരിയ വലിയ ആരോഗ്യ പ്രതിസന്ധിയായിരിക്കുകയാണ്. ഇതിനെ അതിജീവിക്കാന് ഇത്തരത്തില് പ്ലാന്റുകള് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വൈകാതെ നിര്മാണ പ്രവര്ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തിങ്ങിനിറഞ്ഞ പ്രദേശത്തു മാലിന്യ പ്ലാന്റ് വരുന്നതിൽ ആശങ്കയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്തെ അത്രയും സ്ഥലസൗകര്യം ചേർത്തലയിൽ ഇല്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, അത്തരം പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്നു മന്ത്രി ഉറപ്പ് നൽകി.
നഗരസഭാ ചെയര്പേഴ്സണ് ഷേര്ളിഭാര്ഗവന്, വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്സിലര്മാര്, മുന് ചെയര്മാന് വി.ടി. ജോസഫ് തുടങ്ങിയവര് പങ്കെടുത്തു. കോണ്ഗ്രസ് നേതാക്കളായ ആര്.ശശിധരന്, സജി കുര്യാക്കോസ്, മാത്യു കൊല്ലേലി, സോമകുമാര് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതിക്കാരെത്തിയത്. സമീപത്തെ സ്ഥാപനങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. പദ്ധതിക്കായി 7.5 കോടിയാണ് അനുവദിച്ചു കരാര് പൂര്ത്തിയാക്കിയിട്ടുണ്ട്.