ചിത്രം വരച്ച് ചലച്ചിത്രമേളയെ വരവേറ്റ് ചിത്രകാരന്മാർ
1278363
Friday, March 17, 2023 10:38 PM IST
ആലപ്പുഴ: ചിത്രങ്ങളിലൂടെ നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയെ വരവേറ്റ് ജില്ലയിലെ ചിത്രകാരന്മാർ. കൈരളി ശ്രീ തിയറ്ററിനു മുന്നിൽ ഒരുക്കിയ 20 അടി നീളമുള്ള ബാനറിലാണ് ചിത്രം വരയ്ക്കാനുള്ള അവസരം ഒരുക്കിയത്. മേളയുടെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിത്രരചന മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ബാനറിൽ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.
സമത്വം, സ്വാതന്ത്ര്യം, സ്ത്രീകളുടെ സിനിമാ കാഴ്ചകൾ, ആവിഷ്കാര സ്വാതന്ത്ര്യം, ഓസ്ട്രേലിയൻ നഗരമായ മെൽബണിലെ രാത്രികാഴ്ചകൾ, ആലപ്പുഴയുടെ മനോഹാരിത എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ചിത്രങ്ങൾ വരച്ചത്. സിനിമാ ആർട്ടിസ്റ്റ് ഉഷ ഹസീന, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര മേളയുടെ സംഘാടക സമിതി കോ-ഓർഡിനേറ്റർ ബിച്ചു എക്സ്. മലയിൽ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവരടക്കം ഒട്ടേറെ വനികൾ ചിത്രരചനയിൽ പങ്കെടുത്തു.