പുനർനിർമിച്ച അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞു താഴ്ന്നു
1279112
Sunday, March 19, 2023 10:30 PM IST
എടത്വ: പുനർനിർമിച്ച കേഴിമുക്ക് പാലക്കളം പാലം വീണ്ടും ഇടിഞ്ഞു താഴ്ന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടേയും ഇടപെടൽ വൻദുരന്തങ്ങൾ ഒഴിവായി. തിരക്കേറിയ എടത്വ-തകഴി സംസ്ഥാനപാതയില്‍ കോഴിമുക്ക് പാലക്കളം പാലത്തിന്റെ അപ്രോച്ച് റോഡാണ് വീണ്ടും ഇടിഞ്ഞു താഴ്ന്നത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയില്‍ തെക്കെ വശത്തെ അപ്രോച്ച് റോഡ് അരയടിയോളം താഴ്ന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് യാത്രക്കാരുടെ പരാതിയെതുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അപ്രോച്ച് റോഡ് കല്ലിട്ട് ഉയർത്തി ടാറിംഗ് ചെയ്തിരുന്നു.
എന്നാൽ, റോഡ് വീണ്ടും പഴയ അവസ്ഥയിലായിട്ടുണ്ട്. എസി റോഡില്‍നിന്ന് വാഹനം തിരിച്ചുവിടാന്‍ തുടങ്ങിയതോടെ ട്രയിലര്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ സഞ്ചരിച്ചതാണ് അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇരുചക്രവാഹനങ്ങള്‍ പാലത്തില്‍നിന്ന് അപ്രോച്ച് റോഡിലേക്കുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുന്നത് പതിവു കാഴ്ചയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ ഇതുവഴി കടന്നുപോയ ലോറി പാലത്തിൽനിന്ന് അപ്രോച്ച് റോഡിലേക്ക് ഇറങ്ങവേ ഓയിൽ ടാങ്ക് പൊട്ടി റോഡിൽ ഓയിൽ നിരന്നിരുന്നു.
അതിനുശേഷം വഴിയിലൂടെ കടന്നുപോയ നിരവധി ഇരുചക്ര വാഹനങ്ങളാണ് റോഡിൽ നിരന്ന ഓയിലിൽ തെന്നിവീണ് അപകടമുണ്ടായത്. സമീപവാസികൾ തകഴി ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡിൽ പരന്ന ഓയിൽ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മാസങ്ങൾക്കു മുൻപ് ഇതേ അവസ്ഥ സംജാതമായപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാലത്തിന്റെ തെക്കുവശത്തുകൂടിയുള്ള ഗതാഗതം ബാരിക്കേഡ് വച്ച് അടച്ചിരുന്നു.
എടത്വ- തകഴി സംസ്ഥാനപാതയില്‍ പാലക്കളം പാലം ഉള്‍പ്പെടെ നാലു പാലങ്ങളിലെ അപ്രോച്ച് റോഡിനും സമാന അവസ്ഥയാണുള്ളത്. തകഴി വലിയപാലം, കേളമംഗലം പാലം, ചെക്കിടിക്കാട് പറത്തറപ്പാലം, പച്ച പാലം എന്നിവിടങ്ങളിലും റോഡും അപ്രോച്ചും തമ്മിൽ പൊക്ക വ്യത്യാസമുണ്ട്.
ചങ്ങനാശേരി-ആലപ്പുഴ റോഡ് നവീകരണത്തെത്തുടർന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വൻഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്. അപ്രോച്ച് റോഡ് ഉറപ്പായ രീതിയിൽ പുനർ നിർമ്മിച്ച് അപകടകെണി ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.