കുടിവെള്ളമില്ലാതെ ജനം പരക്കം പായുന്നു
1336051
Sunday, September 17, 2023 12:02 AM IST
മുഹമ്മ: മുഹമ്മ പഞ്ചായത്ത് ഒൻപത്, പത്ത് വാർഡുകളിലെ ജനം കുടിവെള്ളമില്ലാതെ പരക്കം പായുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയെ അശ്രയിച്ചാണ് ഈ വാർഡുകളിൽ ജനം കഴിയുന്നത്. എന്നാൽ ഒരു മാസമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്.
കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനുമെല്ലാം ആശ്രയിക്കുന്നത് പൈപ്പുവെള്ളമാണ്. കായൽതീര വാർഡുകളായതിനാൽ പരമ്പരാഗത ജല സ്രോതസുകളെ ആശ്രയിക്കാൻ കഴിയില്ല. ഇതിനാൽ കുടിവെള്ളംവരെ വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണ്.
ഒൻപതാം വാർഡിലെ ജനങ്ങളാണ് ഏറെ ദുരിതത്തിൽ. കായൽ തീരത്തെ കടവുകളെല്ലാം പഴങ്കഥയാതിനാൽ തീരത്തെ ആശ്രയിക്കുക ശ്രമകരമാണ്. തോട്ടുമുഖപ്പിൽതീരം മാത്രമാണ് ആശ്രയം. കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും ഈ തീരത്തെയാണ് ജനം ആശ്രയിക്കുന്നത് .
മുൻപ് കായൽ തീരങ്ങളിൽ നിരവധി കടവുകൾ ഉണ്ടായിരുന്നതിനാൽ ജലദൗർലഭ്യത്തിന്റെ കെടുതികൾ ജനത്തെ വലുതായി ബാധിച്ചിരുന്നില്ല.കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസമാകുന്നെങ്കിലും അധികൃതർ ഉറക്കത്തിലാണ്. വിളിച്ചാൽ വ്യക്തമായ മറുപടി പോലും ഇല്ലെന്ന് നാട്ടുകാർ പറയുന്നു.
ദേശീയ പാതയുടെ ജോലികൾ നടക്കുന്നതാണ് ജലവിതരണം തടസപ്പെടാൻ കാരണമായി പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് നിർമണജോലികൾ ചെയ്യുന്നത്.
ഇവർ അലക്ഷ്യമായി കുഴിയെടുക്കുന്നതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നു നാട്ടുകാർ പറയുന്നത്. ഒരിടത്ത് പൈപ്പ് നന്നാക്കുമ്പോൾ മറ്റൊരിടത്ത് പൈപ്പ് പൊട്ടിയിരിക്കുമെന്നും അവർ പറയുന്നു.