തേവർവട്ടം റോഡ് തകർന്നു; അധികൃതർക്കു നിസംഗത
1336309
Sunday, September 17, 2023 11:00 PM IST
പൂച്ചാക്കൽ: തേവർവട്ടം -എലിക്കാട്ട് സ്കൂൾ റോഡ് തകർന്നു വെള്ളക്കെട്ടായി. റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മഴക്കാലം ശക്തമായതോടെ റോഡ് വെള്ളത്തിലുമായി. റോഡിലെ കുഴികൾ അറിയാതെ വരുന്ന ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ തേവർവട്ടം സ്കൂൾ എലിക്കാട്ട് വഴി എംഎൽഎ റോഡിൽ എത്തിച്ചേരുരുന്ന പ്രദേശത്തെ പ്രധാന റോഡാണിത്. ദിവസേന വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കവാടത്തിന് മുൻവശം റോഡ് പൂർണമായും തകർന്നു വെള്ളക്കെട്ടായി മാറി.
വെള്ളക്കെട്ടായ റോഡിലൂടെ നീന്തിയാണ് സ്കൂളിലേക്ക് വിദ്യാർഥികളും അധ്യാപകരും വരുന്നതും പോകുന്നും. കൂടാതെ വിദ്യാർഥികൾ വെള്ളക്കെട്ടായ റോഡിൽ കൂടി സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നതും പതിവാണ്.
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും പൂച്ചാക്കൽ ഭാഗത്തേക്കും എംഎൽഎ റോഡിലേക്കും പോകണമെങ്കിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടി മുട്ടോളം വെള്ളത്തിൽ നീന്തിയാൽ മാത്രമേ സാധികയുള്ളു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുരവസ്ഥ മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജനപ്രതിധികളോ മുൻകൈ എടുക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് നാട്ടുകാർക്ക്.
തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്റെ വാർഡിലാണ് ഈ റോഡുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.