മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചതിലെ കോടതിവിധി : തുടരന്വേഷണത്തിന് മേൽനോട്ടം വേണം
1478197
Monday, November 11, 2024 4:56 AM IST
ആലപ്പുഴ: കഴിഞ്ഞ ഡിസംബര്‍ 16ന് ആലപ്പുഴയിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിനു പോകുമ്പോൾ ബസിനു നേരേ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധിയിൽ പ്രതികരണവുമായി പരാതിക്കാർ.
കേസ് തേച്ചുമാച്ചുകളയാനും ഒടുവിൽ നിർബന്ധത്തിനു വഴങ്ങി അന്വേഷണം നടത്തി കുറ്റക്കാരായ ഗൺമാൻ അനിൽ കല്ലിയൂർ, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവർക്ക് ക്ലീൻ ചിറ്റ് നൽകാനും ശ്രമിച്ച ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയാൽ കേസിന്റെ ഗതിയെന്താകുമെന്നു പരാതിക്കാർ ആശങ്ക ഉന്നയിക്കുന്നു.
കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ കേസ് തള്ളണമെന്ന റഫർ റിപ്പോർട്ടും കോടതി തള്ളിയിരുന്നു. കേസ് എഴുതിത്തള്ളണമെന്ന റഫർ റിപ്പോർട്ട് ക്രൈംബ്രാഞ്ചാണ് കോടതിയിൽ നൽകിയത്. മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് കോടതയില്‍ വാദിച്ചിരുന്നു. മര്‍ദനദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.
ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ റോഡരികിലേക്കു മാറ്റിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽനിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദിക്കുകയായിരുന്നു.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തുടക്കംമുതൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സർക്കാരിന്റെ ഒത്താശയോടെ നടന്ന ഈ നീക്കത്തിനാണു തുടർച്ചയായ രണ്ടാംവട്ടവും കോടതിയിൽ തിരിച്ചടിയേറ്റത്. ആദ്യം പരാതിയിൽ കേസെടുക്കാതെയും പിന്നീട് കോടതി നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ സമരക്കാർ നൽകിയ തെളിവുകൾ സ്വീകരിക്കാതെയുമാണ് പോലീസ് മുന്നോട്ടുപോയത്.
കേസെടുത്ത് അഞ്ചാം മാസമാണ് ഗൺമാന്റെ മൊഴി രേഖപ്പെടുത്തിയത്. ഒടുവിൽ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ഗൺമാനും സംഘവും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതാണെന്നും കാണിച്ചു കോടതിയിൽ റഫർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്് കോടതി തള്ളിയത്.
അന്വേഷണ സംഘത്തിനു കിട്ടിയില്ലെന്നു പറഞ്ഞ മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരാതിക്കാർതന്നെ കോടതിയിൽ ഹാജരാക്കിയതോടെ ഈ തെളിവുകൾകൂടി തുടരന്വേഷണത്തിൽ പോലീസിനു പരിഗണിക്കേണ്ടിവരും.
നിയമവഴി തുടരും
പോലീസ് സത്യസന്ധമായും കാര്യക്ഷമമായും കേസ് എടുക്കാതിരുന്നതുകൊണ്ടാണല്ലോ കോടതിയെ ആശ്രയിക്കേണ്ടിവന്നത്. പരാതിയിൽ കഴമ്പുണ്ടെന്നും പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും കോടതിക്ക് ബോധ്യമായ നിലയ്ക്ക് സത്യസന്ധമായി കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകാൻ നിയമപരമായ മാർഗങ്ങൾ തേടും.
സർക്കാരിന്റെ ദുർഭരണത്തിനെതിരേയാണ് പ്രതിഷേധിച്ചത്. അതിനെ കായികമായി നേരിട്ട് നിയമവിരുദ്ധമായി ആക്രമണം നടത്തിയ ഗൺമാനെ സംരക്ഷിക്കുന്ന സർക്കാരും പോലീസും മുതിരാതിരിക്കാൻ ഏതു നിലയ്ക്ക് അന്വേഷണം നടത്തേണ്ടത് എന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഗൺമാൻമാർ തെറ്റുകാരനല്ല എന്നാണല്ലോ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. അവരുടെ അന്വേഷണത്തിൽ സത്യസന്ധതയില്ലായ്മകൊണ്ടാണല്ലോ കോടതി ത്ളത്. അവർ തന്നെ വീണ്ടും അന്വേഷിക്കുകയാണെങ്കിൽ അതിൽ എന്തു തരത്തിലുള്ള അന്വേഷണം ആയിരിക്കുമെന്ന ആശങ്ക ദൂരീകരിക്കാനുള്ള നിയമപരിരക്ഷ തേടും.
അജയ് ജ്യുവൽ കുര്യാക്കോസ്
പൊതുപ്രവർത്തനത്തിന് അംഗീകാരം
ജനാധിപത്യ മര്യാദകളോടെ നടത്തിയ പ്രതിഷേധ സമരത്തെ സർക്കാരും പോലീസും നേരിട്ട രീതി ചാനലുകളിലൂടെയും സേഷ്യൽ മീഡിയയിലൂടെയും പൊതുജനം കണ്ടതാണ്. അതാണ് തെളിവില്ലായെന്നു പറഞ്ഞ് പോലീസ് ഉണ്ടാക്കിയ റിപ്പോർച്ച് കോടതി തള്ളിക്കളഞ്ഞത്. ദുർഭരണത്തിനെതിരേ നടത്തിയ പ്രതിഷേധം നേരിട്ട സർക്കാർ രീതി തള്ളിയ കോടതി വിധി ഞങ്ങളുടെ പൊതുപ്രവർത്തനത്തിന് നൽകുന്ന അംഗീകാരമായി കാണുന്നു.
തെറ്റിനെയും അഴിമതിയെയും നേരിടാൻ നിയമമാർഗത്തിലൂടെ ഏതറ്റം വരെയും പോകും. നിയമവിരുദ്ധമായി പോലീസ് പ്രവർത്തിച്ചതിനെ കോടതി വളരെ വിമർശനാത്മകമായി കണ്ടു എന്നത് റിപ്പോർട്ട് തള്ളിയതിൽ വ്യക്തമാണ്.
യൂത്ത് കോൺഗ്രസ് എന്നും നീതിയുടെയും ജനാധിപത്യ മര്യാദകളുടെയും ഭാഗത്തുനിന്നുള്ള ഓരോ സമരങ്ങളും ഓരോ ഇടപെടലുകളും തുടർന്നും നടത്തും. അതിനെ നിയമവിരുദ്ധമായും ഗുണ്ടായിസത്തോടെയും അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കപ്പെടില്ലെന്ന സന്ദേശം ഈ വിധിയിൽ ഉണ്ടായത് ജനാധിപത്യത്തിനുതന്നെ ഉണർവിന്റെ സന്ദേശം നൽകുന്നു.
എ. ഡി. തോമസ്