പാലാ: എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ബോധവത്കരണ പരിപാടികൾ നടത്തി. ജില്ലാതല ഉദ്ഘാടനം ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിൽ തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാതാരം അഞ്ജുകൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു.
ബിവിഎം കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോ-ഓർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എച്ച്ഡിഎഫ്സി സീനിയർ മാനേജർ ശ്രീമോഹൻ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന ബോധവത്കരണ റാലിയിൽ ബിവിഎം കോളജ്, മരിയൻ കോളജ്, എൽഎൽഎം, മാർ സ്ലീവ എന്നീ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഫ്ളാഗ് ഓഫ് ചെയ്തു.
ബിവിഎം കോളജിൽ നടന്ന ക്യാമ്പിൽ അമ്പതിലധികം വോളന്റിയർമാർ രക്തം ദാനം ചെയ്തു. ക്യാമ്പ് പാലാ ഡിവൈഎസ്പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. കിസ്കോ - മരിയന്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെയും കോളജുകളിലെ റെഡ് റിബൺ ക്ലബ്ബുകളുടെയും രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, ബി വി എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം, റെഡ് റിബണ്‍ ക്ലബ്, എച്ച്ഡിഎഫ്സി ബാങ്ക്, പാലാ ബ്ലഡ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലാതല പരിപാടികൾ നടത്തിയത്.