വാർധക്യത്തിൽ അനുഗ്രഹമായി സീയോനിൽ ഗ്രേസ്ഫുൾ ധ്യാനം
1418527
Wednesday, April 24, 2024 6:54 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനത്തെ സീയോൻ ധ്യാനകേന്ദ്രം പ്രായമായവരുടെ ആശ്വാസകേന്ദ്രമാകുന്നു. അറുപതുവയസിനു മുകളിൽ പ്രായമുള്ളവർക്കായി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറന്പിൽ, ഫാ. ഷാജി തുന്പേച്ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗ്രേസ്ഫുൾ ധ്യാനം അനേകർക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു.
അറുപതു മുതൽ നൂറുവയസു വരെ പ്രായമുള്ളവരാണ് ധ്യാനകേന്ദ്രത്തിൽ താമസിച്ച് മൂന്നുദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുന്നത്. മൂന്നുദിവസത്തെ പ്രാർഥനയും വാർധക്യത്തിലെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും വ്യായാമ പരിശീലനവും ജീവിതസായന്തനത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താൻ സഹായിക്കുന്നു.
വിദഗ്ധ ഡോക്ടർമാരും വൈദികരും നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ വാർധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്കു കടന്നുവരുന്നത്. മേയ്മാസത്തെ ധ്യാനം 19 മുതൽ 22 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 8086399023, 9495107045 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.