സിഎംഎസിൽ പ്രകൃതി സൗഹൃദ ആരാധന
1592680
Thursday, September 18, 2025 7:19 AM IST
കോട്ടയം: പ്രകൃതിയുടെ സംരക്ഷണം സന്ദേശമാക്കി, സിഎംഎസ് കോളജില്‍ പ്രകൃതി സൗഹൃദ ആരാധന സംഘടിപ്പിച്ചു. കോളജ് അങ്കണത്തില്‍ നടന്ന പരിപാടി മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു ചെറിയാന് കോശി മണ്‍ചിരാത് തെളിച്ച് ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം സൃഷ്ടിയുടെ കാലമായി ആചരിക്കുന്ന പരിസ്ഥിതി സൗഹൃദ ദിനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെ കോളജില്‍ പ്രകൃതി സൗഹൃദ ആരാധന സംഘടിപ്പിച്ചത്.
പ്രകൃതിയുടെ സംരക്ഷകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഓര്‍മത്തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലു വരെയാണ് ആചരണം. ഈ ദിനങ്ങളില്‍ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ആരാധനയ്ക്ക് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് തുടക്കംകുറിച്ചു.
ഈശ്വരന് വരദാനമായി തന്ന പ്രകൃതിയുടെ സംരക്ഷണം എന്ന സന്ദേശം പകരുകയുമാണ് പ്രകൃതി സൗഹൃദ ആരാധനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. പ്രകൃതിയുമായി ചേര്‍ന്നു നില്ക്കുന്ന ആരാധനയില്‍ ബിഷപ്പും വൈദികരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ കോളജ് പുല്‍ത്തകിടിയില്‍ ഇരുന്നാണ് പങ്കെടുത്തത്. പ്രകൃതി സൗഹൃദ ഗാനങ്ങള്‍, ഭജന്‍, പ്രാര്‍ഥനകള്‍, വേദവായന എന്നിവയും ആരാധനയുടെ ഭാഗമായി നടന്നു. റവ. ഡോ. വിജി വര്‍ഗീസ് ഈപ്പന് ദൂത് നല്കി.
ആരാധനയെത്തുടർന്ന് പ്രകൃതി സംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബിഷപ് കോളജ് കാമ്പസില്‍ വൃക്ഷത്തൈയും നട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ്, മഹായിടവക പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ഡോ. മാത്യു കോശി പുന്നയ്ക്കാട്, കോളജ് ബര്‍സാര്‍ റവ. ഡോ. ഷിജു സാമുവല്‍, ചാപ്ലയിന്‍ റവ. ടിബു ഉമ്മന്‍ ജോര്‍ജ്, പരിസ്ഥിതി വകുപ്പ് കണ്‍വീനര്‍ റവ. അനില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി.