കളഞ്ഞുകിട്ടിയ 15,000 രൂപ ഉടമയ്ക്ക് കൈമാറി യുവാവ് മാതൃകയായി
1592683
Thursday, September 18, 2025 7:19 AM IST
വെച്ചൂർ: കളഞ്ഞുകിട്ടിയ തുക ഉടമയ്ക്കു കൈമാറി ബാഗ് നിർമാണ യൂണിറ്റുകാരനായ യുവാവ് നാടിന് മാതൃകയായി. ഒറ്റപ്പാലത്തുനിന്നെത്തി വെച്ചൂർ പുത്തൻപാലത്ത് ബാഗ് നിർമാണ യൂണിറ്റ് നടത്തുന്ന രമേഷാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ റോഡിൽ കിടന്ന 15,000 രൂപ ഉടമയ്ക്കു കൈമാറി സത്യസന്ധത കാട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി പുത്തൻപാലത്തെ വസ്ത്രവ്യാപാരശാല പൂട്ടി വീട്ടിലേക്കു മടങ്ങിയ ദിനിമോളുടെ ബാഗിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. പിറ്റേന്ന് ബാങ്കിൽ പണം അടയ്ക്കാൻ നോക്കിയപ്പോഴാണ് ബാഗിൽനിന്ന് തുക നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പണം ലഭിച്ച രമേഷ് തുക ഭദ്രമായി വെച്ചൂർഗ്രാമം ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിൻമാരിലൊരാളായ സുരേഷ്ബാബുവിനെ ഏൽപ്പിച്ചു. ഇവർ അന്വേഷണം നടത്തുന്നതിനിടയിൽ ദിനിമോൾ സുരേഷ്ബാബുവിനെ സമീപിച്ച് അടയാളസഹിതം കാര്യങ്ങൾ ധരിപ്പിച്ചു.
സുരേഷ് ബാബു രമേഷിനെ വരുത്തി ദിനിമോൾക്കു തുക കൈമാറി. വർഷങ്ങൾക്കു മുമ്പ് സഹോദരിയുടെ വിവാഹാവശ്യത്തിനായി കരുതിയ 53,000 രൂപ കളഞ്ഞുപോയതിന്റെ നൊമ്പരം ഇപ്പോഴും നെഞ്ചിലേറ്റുന്ന തനിക്ക് പണം നഷ്ടമാകുന്നതിന്റെ വേദന മറ്റാരേക്കാളും അറിയാമെന്നും യഥാർഥ ഉടമയ്ക്കു പണം തിരിച്ചുനൽകിയപ്പോഴാണ് തന്റെ ഉള്ളിലെ നീറ്റൽ ശമിച്ചതെന്നും രമേഷ് പറഞ്ഞു.