ബസ് കണ്ടക്ടറും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും
1592684
Thursday, September 18, 2025 7:34 AM IST
കടുത്തുരുത്തി: സ്വകാര്യബസ് കണ്ടക്ടറും ടാങ്കര്‍ ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റവും കൈ യാങ്കളിയും. കഴിഞ്ഞദിവസം കുറുപ്പന്തറ കവലയ്ക്കു സമീപത്താണ് സംഭവം. തലയോലപ്പറമ്പ് ആശുപത്രി കവല മുതല്‍ കോട്ടയത്തേക്കു പോകുകയായിരുന്ന അലക്സ്മോന്‍ ബസിനു മുന്നില്‍ ടാങ്കര്‍ ലോറി കോട്ടയം ഭാഗത്തേക്കു പോകുന്നുണ്ടായിരുന്നു.
ബസിനെ മറികടക്കാന്‍ അനുവദിക്കാതെ വേഗത കുറച്ച് പോയ ടാങ്കര്‍ ലോറി വലതുവശത്തേക്കു വെട്ടിച്ചാണ് സഞ്ചരിച്ചത്. മാന്നാര്‍ ജംഗ്ഷനു സമീപത്തുവച്ചു സ്വകാര്യ ബസ് ലോറിയെ മറികടന്നു മുന്നോട്ടു പോയി. വീണ്ടും ആപ്പാഞ്ചിറ സ്റ്റോപ്പില്‍വച്ച് ലോറി ബസിനെ മറികടന്നു. തുടര്‍ന്ന് എതിര്‍ദിശയില്‍നിന്ന് വാഹനമില്ലാത്ത സമയത്തും ബസിനെ കടത്തിവിടാതെ തടസമുണ്ടാക്കിയാണ് ഓടിച്ചിരുന്നത്.
മുട്ടുചിറ പട്ടാളമുക്കിനു സമീപത്തുവച്ച് ബസ് ജീവനക്കാര്‍ ഇതു ചോദ്യം ചെയ്തു. ടാങ്കര്‍ ലോറി ഡ്രൈവറും ബസ് കണ്ടക്ടറും തമ്മില്‍ ഇതുസംബന്ധിച്ചു വാക്കേറ്റമുണ്ടായി. ഇരുവരും തമ്മില്‍ കൈയാങ്കളിക്കും ശ്രമമുണ്ടായി.
ഇതിനിടെ ലോറിയുടെ വലതുവശത്തെ ഗ്ലാസ് തകര്‍ന്നു. തുടര്‍ന്ന് ബസ് മുന്നോട്ടുപോയെങ്കിലും കുറുപ്പന്തറയ്ക്കു സമീപം ബസിനെ മറികടന്നെത്തിയ ലോറിയുടെ ഡ്രൈവര്‍ വീണ്ടും കണ്ടക്ടറുമായി വാക്കേറ്റമുണ്ടായി. ബസിന്റെ വലതുവശത്തെ ഗ്ലാസും ഇതിനിടെ തകര്‍ന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.