പെരുവയിൽ ഉയരവിളക്ക് മിഴിയടച്ചിട്ട് മാസങ്ങൾ
1592682
Thursday, September 18, 2025 7:19 AM IST
പെരുവ: ഉയരവിളക്ക് മിഴി അടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. വിളക്ക് തെളിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. മുളക്കുളം പഞ്ചായത്തിലെ പെരുവ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നില്ക്കുന്ന ഹൈമാസ്റ്റ് ലൈറ്റാണ് തെളിയാതെ നില്‍ക്കുന്നത്.
പെരുവയിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് മാര്‍ക്കറ്റ് ജംഗ്ഷന്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ലൈറ്റാണിത്. എന്നാല്‍, ഇതിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും വൈദ്യുതി ബില്ലും അടയ്ക്കേണ്ടത് പഞ്ചായത്താണ്. പഞ്ചായത്ത് അധികൃതരെ പലതവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ അടച്ചാല്‍ ഇവിടം കൂരിരുട്ടാകും. ആറു മാസം മുമ്പ് മാര്‍ക്കറ്റ് ജംഗ്ഷനിലെ പലചരക്ക്, പച്ചക്കറിക്കട തുടങ്ങിയ സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു.
പഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് ഇവിടങ്ങളില്‍ ലൈറ്റ് തെളിച്ചിരുന്നു. എന്നാല്‍, അതും ഇപ്പോള്‍ പ്രവര്‍ത്തിക്കാതെയായി. തകരാറായിക്കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.