വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കും: മന്ത്രി രാജീവ്
1592690
Thursday, September 18, 2025 7:34 AM IST
ചങ്ങനാശേരി: വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയില്‍ അറിയിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി നിയമസഭയില്‍ ഇതു വ്യക്തമാക്കിയത്.
ഒരാള്‍പോലും നേരില്‍ വരാതെ രേഖകള്‍ ഓണ്‍ലൈനായി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഉടമസ്ഥാവകാശം മാറണമെങ്കില്‍ 25,000 രൂപ അടച്ച് മാറാനുള്ള സൗകര്യമുണ്ടാകും. 10,000 രൂപ അടച്ചാല്‍ ആക്ടിവിറ്റി മാറാനുള്ള സൗകര്യവും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
കേസുകളില്‍ നില്ക്കുന്ന സംരംഭകരുടെ വിഷയങ്ങള്‍ കോടതിയുടെ അനുമതിയോടുകൂടി പരിഹരിക്കുന്നതിനുവേണ്ടി ഡയറക്ടറേറ്റിന്റെ കീഴില്‍ ഒരു സെൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയതിലേക്ക് ഒരു ജിപിയെ അഡ്വക്കേറ്റ് ജനറല്‍ അനുവദിച്ചിട്ടുണ്ടെന്നും അതു പരിഹരിച്ച് കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ എല്ലാ ഭൂമിയിലും വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന സ്ഥിതി ഉറപ്പുവരുത്താന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.