മംഗളൂരു-കോട്ടയം സ്പെഷല് എക്സ്പ്രസ്: ആളില്ലാതെ പ്രഥമ സര്വീസ്
1418528
Wednesday, April 24, 2024 6:54 AM IST
കടുത്തുരുത്തി: കോട്ടയം-മംഗളൂരു റൂട്ടില് ആഴ്ചാവസാനം അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന് അനുവദിച്ച മംഗളൂരു - കോട്ടയം സ്പെഷല് എക്സ്പ്രസിന് ആവശ്യത്തിന് ആളില്ലാതെ പ്രഥമ സര്വീസ്.
ശനിയാഴ്ച രാവിലെ തുടങ്ങുന്ന സര്വീസിന് വെള്ളിയാഴ്ച വൈകുന്നേരം ഉത്തരവെത്തിയെങ്കിലും മാധ്യമങ്ങളിലൂടെ യഥാസമയം യാത്രികരെ അറിയിക്കാന് സാധിക്കാത്തതിനാലും പ്രധാന സ്റ്റേഷനുകളില് സ്റ്റോപ്പുകളില്ലാത്തതിനാലും ആളൊഴിഞ്ഞ ബോഗികളുമായിട്ടാണ് ശനിയാഴ്ച ഇരുഭാഗത്തേക്കും ട്രെയിന് സര്വീസ് നടത്തിയത്.
അപൂര്വമായാണ് കേരളത്തില് ഒരു ട്രെയിന് കറന്റ് റിസര്വേഷന് ആയിരത്തിനു മുകളില് സീറ്റുകള് ലഭ്യമായത്. ഏഴ് സര്വീസുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോപ്പില്ലാതെ പ്രഖ്യാപിച്ച സര്വീസ് നഷ്ടമെന്ന് വരുത്തിത്തീര്ത്ത് നിര്ത്താനാണ് ശ്രമമെന്ന് യാത്രക്കാര് ആരോപിക്കുന്നു. ഇപ്പോള്ത്തന്നെ ആവശ്യത്തിന് ട്രെയിനുകളില്ലാതെ മലബാറിലേക്കുള്ള യാത്രികര് വിഷമിക്കുമ്പോഴാണ് റെയില്വേയുടെ ഈ നീക്കം.
മംഗളൂരു സെന്ട്രല് - കോട്ടയം സ്പെഷല് എക്സ്പ്രസ് മംഗളുരുവില്നിന്ന് രാവിലെ 10.30ന് തുടങ്ങും. രാത്രി 7.30ന് കോട്ടയത്തെത്തും. മടക്കട്രെയിന് രാത്രി 9.45ന് കോട്ടയത്തുനിന്നു യാത്ര തിരിക്കും. ഞായറാഴ്ച രാവിലെ 6.55ന് മംഗലാപുരത്തെത്തും. 27, മേയ് നാല്, 11, 18, 25 ജൂണ് ഒന്ന് എന്നീ ദിവസങ്ങളിലാണ് ഇനി സര്വീസ്.
മംഗലാപുരം മുതല് കോട്ടയം വരെ 471 കിലോമീറ്റര് മാത്രം സര്വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിന് മംഗലാപുരത്തിനും കോട്ടയത്തിനുമിടയില് ആകെ ആറ് സ്റ്റോപ്പുകള് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല് കുടിയേറ്റ കര്ഷകരുള്ള മീനച്ചില്, വൈക്കം താലൂക്കുകളിലെ ജനങ്ങള് ആശ്രയിക്കുന്ന വൈക്കം റോഡ്, ഇടുക്കി ജില്ലയിലെ യാത്രക്കാര് ആശ്രയിക്കുന്ന ആലുവ, തിരൂര്, തലശേരി, പയ്യന്നൂര്, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളില് കൂടി സ്റ്റോപ്പ് അനുവദിച്ചാല് നിലവിലെ ദുരവസ്ഥ ഒഴിവാകുമെന്ന് യാത്രക്കാര് ചൂണ്ടിക്കാണിക്കുന്നു.