വേനൽച്ചൂടിൽ നാട് വെന്തുരുകുന്പോൾ വൈദ്യുതിമുടക്കം പതിവാകുന്നു
1418398
Wednesday, April 24, 2024 4:14 AM IST
കാഞ്ഞിരപ്പള്ളി: കനത്ത വേനൽച്ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയായി അപ്രതീക്ഷിത വൈദ്യുതി മുടക്കം. കാഞ്ഞിരപ്പള്ളിയിലും സമീപമേഖലകളിലുമാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം പതിവാകുന്നത്.
ദിവസവും പലതവണയാണ് വൈദ്യുതി മുടങ്ങുന്നത്. വീട്ടിലും ഓഫീസിലും മറ്റും ഫാനോ എസിയോ ഇല്ലാതെ അല്പ്പനേരംപോലും ചെലവഴിക്കാന്‍ കഴിയില്ലെന്നിരിക്കേ രാപകല്‍ ഭേദമില്ലാതെ വൈദ്യുതി മുടങ്ങുകയാണ്. രാത്രിയിലും ഇതുതന്നെ സ്ഥിതി. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കം കൂടാതെയാണ് പലതവണയായി വൈദ്യുതി മുടങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിവിധ സ്ഥാപനങ്ങൾക്കു മാത്രമല്ല, നിർമാണ പ്രവർത്തനങ്ങൾക്കും ഇപ്പോഴത്തെ സാഹചര്യം വെല്ലുവിളിയാണ്.
കാഞ്ഞിരപ്പള്ളിക്കു പുറമേ ചിറക്കടവ് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ഏറക്കുറെ ഇതു തന്നെയാണ് സ്ഥിതി. വേനൽമഴയെത്തിയതോടെ വൈകുന്നേരവും രാത്രിയും പല സമയത്തും വൈദ്യുതിയില്ല. കെഎസ്ഇബി ഓഫീസിലേക്കു ഫോൺ ചെയ്താൽ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും പരാതിയുണ്ട്. അപ്രതീക്ഷിതമായ വൈദ്യുതിമുടക്കം ജനജീവിതം ദുഃസഹമാക്കുകയാണ്. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ ഉടൻ വൈദ്യുതി മുടങ്ങും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് വരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.