കലാശക്കൊട്ട്, വോട്ടെടുപ്പ് ഡ്യൂട്ടികള്‍ക്കായി ജില്ലയില്‍ 2200 പോലീസുകാരെ നിയോഗിച്ചു
1418530
Wednesday, April 24, 2024 6:54 AM IST
കോട്ടയം: കലാശക്കൊട്ട്, വോട്ടെടുപ്പ് ഡ്യൂട്ടികള്‍ക്കായി ജില്ലയില്‍ 2200 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിനൊപ്പം അര്‍ധ സൈനിക വിഭാഗവുമുണ്ട്. പോലീസിനെ സഹായിക്കുന്നതിനായി പോളിംഗ് ബൂത്തുകളിൽ പരിശീലനം ലഭിച്ച 1527 സ്പെഷല്‍ പോലീസ് ഉള്‍പ്പെടെ 4000ല്‍പരം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വോട്ടെടുപ്പ് ദിവസം ജില്ലയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ഷന് സ്ക്വാഡ് ഡ്യൂട്ടികള്‍ക്കും, ബോര്‍ഡര്‍ സീലിംഗ്, ഇലക്ഷന് സെല്‍, മറ്റ് ഇലക്ഷന് അനുബന്ധ ഡ്യൂട്ടികള്‍ എന്നിവയ്ക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലാണ്. വിവിധ ഇടങ്ങളില്‍ അര്‍ധ സൈനിക വിഭാഗവും പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. ഇതിനു പുറമെയാണ് പോളിംഗ് ദിവസത്തേക്കു മാത്രം അധിക പോലീസിനെ നിയോഗിക്കുന്നത്.
പ്രധാന റോഡുകളും ഇടറോഡുകളും ബാരിക്കേഡ് ചെയ്തുള്ള പരിശോധനയും അനധികൃത മദ്യം, മറ്റു ലഹരിവസ്തുക്കള്‍, രേഖകളില്ലാത്ത പണം കൊണ്ടുപോകല്‍, ആയുധം, വെടിക്കോപ്പുകള്‍ എന്നിവ കൈവശം വയ്ക്കല്‍ തുടങ്ങിയവ തടയുന്നതിന് ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ശക്തമായ വാഹന പരിശോധനയും നടത്തിവരികയാണ്.
ബൂത്തുകള്‍ തരംതിരിച്ച് പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേകം കേന്ദ്രസേനയെ ഉള്‍ക്കൊള്ളിച്ചു. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ ക്രിമിനല്‍ ലിസ്റ്റുകളിലുള്ള പ്രതികളെയും മറ്റും നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിനും ഓരോ സ്റ്റേഷനുകളിലേയും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.