ഭരണവിരുദ്ധ വികാരം നേട്ടമാകും: യുഡിഎഫ്
1418412
Wednesday, April 24, 2024 4:27 AM IST
കോട്ടയം: സര്‍ക്കാര്‍ വിരുദ്ധ വികാരവും കേന്ദ്രഭരണത്തോടുള്ള എതിര്‍പ്പും യുഡിഎഫിന് നേട്ടമാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്നും യുഡിഎഫ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും.
സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ കൈമുതല്‍. പ്രചാരണത്തില്‍ യുഡിഎഫ് ഒറ്റെക്കെട്ടായി നിലകൊണ്ടു. യുഡിഎഫിന് അനുകൂലമായ വികാരം എല്ലാ മേഖലയിലും പ്രകടമാണ്. കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് എടുത്തുകാണിക്കാന്‍ ഒരു ഭരണനേട്ടവുമില്ല. വ്യക്തിഹത്യ മാത്രമാണ് നിലവില്‍ ഇടതുനേതാക്കളുടെ ശൈലി.
പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ലെന്ന തിരിച്ചറിഞ്ഞതോടെ നരേന്ദ്ര മോദി വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിന് മുറിവേല്ക്കുംവിധം കഴിഞ്ഞദിവസം വാക്കുകള്‍കൊണ്ട് മോദി തീബോംബ് വര്‍ഷിക്കുകയായിരുന്നു. സമാധാനകാംക്ഷികളും ഇന്ത്യന്‍ ദേശീയതയെ മാനിക്കുന്നവരും ഭരണഘടനയെ അംഗീകരിക്കുന്നവരും ബിജെപി നിലപാടുകളെ പിന്തുണയ്ക്കില്ല.
ജനങ്ങള്‍ രക്ഷപ്പെടരുതെന്ന നിലപാടാണു കേരളത്തിലെ ജനവിരുദ്ധ ഇടതുസര്‍ക്കാരിനുള്ളത്. കാര്‍ഷിക തകര്‍ച്ചയ്ക്ക് പരിഹാരമില്ല. പെന്ഷന് മുടങ്ങുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നേട്ടമാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പത്രസമ്മേളനത്തില്‍ നാട്ടകം സുരേഷ്, പി.എ. സലിം എന്നിവരും പങ്കെടുത്തു.