അരുവിത്തുറ തിരുനാൾ: വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു; പകൽ പ്രദക്ഷിണം ഇന്ന്
1418413
Wednesday, April 24, 2024 4:27 AM IST
അരുവിത്തുറ: അരുവിത്തുറ വല്യച്ചനെ കണ്ട് വണങ്ങുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനുമായി വിശ്വാസികളുടെ പ്രവാഹം. വിശ്വാസികൾക്ക് പരസ്യവണക്കത്തിനായി ഇന്നലെ രാവിലെ 9.30ന് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരിമരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ, ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകി. നാടിന്റെ നനാ ഭാഗത്തുനിന്നും അന്യ ജില്ലകളിൽനിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് വല്യച്ചന് നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും കുഞ്ഞുങ്ങളെ അടിമവയ്ക്കുന്നതിനുമായി എത്തിയത്. തുടർന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. വൈകുന്നേരം 4.30 ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് പള്ളിയുടെ മുമ്പിലുള്ള ഗ്രൗണ്ടിലെ കുരിശിങ്കലേയ്ക്ക് പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാൾ ദിവസമായ ഇന്ന് രാവിലെ 5.30 നും, 6-45 നും വിശുദ്ധ കുർബാന നൊവേന എട്ടിന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 10.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിക്കും.
തുടർന്ന് 12.30 ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. ആലവട്ടവും വെഞ്ചാമരവും കേൽവിളക്കും പ്രദക്ഷിണത്തിന് അകന്പടിയേകും. നാളെ ഇടവകക്കാരുടെ തിരുനാൾ ദിനമായി ആചരിക്കും. നാളെ രാവിലെ 5.30 മുതൽ തുടർച്ചയായി വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാത്രി ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ.